തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കാൻ സിപിഐ തീരുമാനം. വിഷയത്തിൽ മുന്നണിയിലെ പ്രധാന കക്ഷിയായ സിപിഐഎമ്മുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിൽ, കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലൂടെ പരിഹാരം കാണാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. ഈ ആവശ്യത്തിൽ നിന്ന് പിന്നോട്ടുപോകുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് സിപിഐ നേതൃത്വത്തിനുള്ളത്.
പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച ആവശ്യം പരസ്യമാക്കിയ നടപടിയിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ പാർട്ടി യോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നു. മുന്നണിയിൽ ചർച്ച ചെയ്യുന്നതിന് മുൻപ് ഇത്തരമൊരു ആവശ്യം പരസ്യപ്പെടുത്തിയത് തെറ്റായ നടപടിയാണെന്ന് സെക്രട്ടേറിയേറ്റ് അംഗങ്ങൾ ചൂണ്ടിക്കാട്ടി. മുൻ മന്ത്രിമാർ ഉൾപ്പെടെയുള്ള നേതാക്കൾ ബിനോയ് വിശ്വത്തിന്റെ നിലപാടിനെതിരെ രംഗത്തെത്തി. ഈ ആവശ്യം സിപിഐഎം നിരാകരിച്ചതോടെ പാർട്ടിക്ക് മുന്നിൽ മറ്റ് മാർഗങ്ങളില്ലാത്ത സാഹചര്യമാണുള്ളതെന്ന് നേതാക്കൾ വിലയിരുത്തി.
പ്രതിപക്ഷ ഉപനേതാവ് പദവി നൽകാനാവില്ലെന്ന നിലപാടിൽ സിപിഐഎം ഉറച്ചുനിന്നതോടെയാണ് സംസ്ഥാന തലത്തിലുള്ള ചർച്ചകൾ വഴിമുട്ടിയത്. എകെജി സെന്ററിൽ നടന്ന കൂടിക്കാഴ്ചയിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി ഈ ആവശ്യം തള്ളിക്കളയുകയായിരുന്നു. തുടർന്ന് ചേർന്ന സിപിഐ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് നിലപാടിൽ നിന്ന് പിന്നോട്ടുപോകേണ്ടതില്ലെന്ന് തീരുമാനിച്ചത്. സംസ്ഥാന നേതൃത്വം വിഷയം ദേശീയ നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. സിപിഐഎം കേന്ദ്ര നേതൃത്വവുമായി ആശയവിനിമയം നടത്തി പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാനാണ് സിപിഐ ഇപ്പോൾ ശ്രമിക്കുന്നത്.