തിരുവനന്തപുരം: മുസ്ലിം സമുദായത്തിൽപ്പെട്ട മന്ത്രിമാരും ജനപ്രതിനിധികളും പൊതുപരിപാടികളിൽ വിളക്ക് കൊളുത്തുന്നതിനെതിരെ ഇസ്ലാമിക പണ്ഡിതൻ ഹുസൈൻ സലാഫി. മതേതര പ്രതിച്ഛായ ഉയർത്തിക്കാട്ടാൻ വേണ്ടി ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കരുതെന്നും വിളക്ക് കൊളുത്തുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം മുസ്ലിം എംഎൽഎമാരോടും മന്ത്രിമാരോടും ആവശ്യപ്പെട്ടു. മെയ് 28-ന് ഷാർജയിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് നടന്ന ഈദ്ഗാഹിൽ വെച്ചാണ് സലാഫി ഇത്തരമൊരു പരാമർശം നടത്തിയത്.
അല്ലാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ജനപ്രതിനിധികൾക്ക് തങ്ങളുടെ മതപരമായ സ്വത്വം ഉയർത്തിപ്പിടിക്കാൻ പ്രത്യേക ഉത്തരവാദിത്തമുണ്ടെന്ന് സലാഫി ഓർമ്മിപ്പിച്ചു. പൊതുചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ ഇസ്ലാമിക വിശ്വാസവും തത്വങ്ങളും മുറുകെ പിടിക്കാൻ ജനപ്രതിനിധികൾ ശ്രദ്ധിക്കണം. മതേതരരും സമാധാനപ്രിയരുമാണെന്ന് വരുത്തിത്തീർക്കാൻ പരമ്പരാഗതമായി വിളക്കുകൾ കൊളുത്തുന്ന രീതി ശരിയായ നടപടിയല്ലെന്നും അദ്ദേഹം വിമർശിച്ചു.
മുസ്ലിം ലീഗ് നേതാവ് ഫാത്തിമ തഹ്ലിയ ഒരു പൊതുപരിപാടിയിൽ വിളക്ക് കൊളുത്തിയ സംഭവമാണ് ഈ വിമർശനത്തിന് ആധാരമെന്നാണ് സൂചന. എന്നാൽ പേര് നേരിട്ട് പരാമർശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. അഞ്ച് നേരം നിസ്കരിക്കുന്നതിലൂടെ അല്ലാഹുവിനോടുള്ള സമർപ്പണം ഉറപ്പിക്കുകയും മറ്റാരെയും ആരാധിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യുകയുമാണ് വിശ്വാസികൾ ചെയ്യുന്നതെന്നും സലാഫി കൂട്ടിച്ചേർത്തു.