പാലക്കാട്: ലോട്ടറി വിൽപ്പനക്കാരനായ തമിഴ്നാട് സ്വദേശി കണ്ണനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ശേഷം മൊബൈൽ ഫോണും പണവും കവർന്ന കേസിൽ പ്രതി പിടിയിൽ. കൽമണ്ഡപം വടക്കുംമുറി സ്വദേശി മുഹമ്മദ് അജ്മലിനെയാണ് (20) കസബ പോലീസ് അറസ്റ്റ് ചെയ്തത്.
മെയ് 31-ന് വൈകിട്ടായിരുന്നു സംഭവം. പാലക്കാട് വടക്കുംമുറി ടികെവി നഗറിന് സമീപത്തുവെച്ച് ലോട്ടറി വിൽപ്പനക്കാരനെ ആക്രമിക്കുകയും ഇയാളുടെ കൈവശമുണ്ടായിരുന്ന പണവും ഫോണും പ്രതി തട്ടിയെടുക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കസബ പോലീസ് അഗളി പോലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്.
കുറ്റകൃത്യത്തിന് ശേഷം അട്ടപ്പാടിയിലേക്ക് കടന്ന ഇയാൾ അവിടെ ഒളിവിൽ കഴിയുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിക്കെതിരെ മുൻപും സമാനമായ കേസുകളുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.