കൊല്‍ക്കത്ത: പണപ്പിരിവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ജഹാംഗീര്‍ ഖാനെ പശ്ചിമ ബംഗാള്‍ കോടതി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ ചോദ്യം ചെയ്യലിനും അന്വേഷണ നടപടികള്‍ക്കുമായി പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ ഏജന്‍സിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. അറസ്റ്റിന് പിന്നാലെ കോടതിയില്‍ ഹാജരാക്കിയ ഖാനെ കസ്റ്റഡി കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് വീണ്ടും കോടതിയില്‍ ഹാജരാക്കും.
ഉത്തര ബംഗാളിലെ ഭാരത-നേപ്പാള്‍ അതിര്‍ത്തിക്ക് സമീപത്തുനിന്നാണ് ജഹാംഗീര്‍ ഖാനെ പോലീസ് പിടികൂടിയത്. ദക്ഷിണ 24 പര്‍ഗാനാസ് ജില്ലയിലെ ഫാല്‍ത്ത പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ ഏഴോളം എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാള്‍ക്ക് കോടതി മുന്‍പ് അനുവദിച്ചിരുന്ന താല്‍ക്കാലിക നിയമ പരിരക്ഷ മെയ് 26-ന് കൊല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കവെയാണ് ഇയാള്‍ പിടിയിലാകുന്നത്. ജഹാംഗീറിന്റെ അറസ്റ്റ് വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഫാല്ത്തയിലുള്ള ഇയാളുടെ ഓഫീസ് നാട്ടുകാര്‍ തല്ലിത്തകര്‍ത്തു. ഓഫീസിലേക്ക് ഇരച്ചുകയറിയ ജനക്കൂട്ടം ഫര്‍ണിച്ചറുകളും ജനല്‍ച്ചില്ലുകളും നശിപ്പിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ച സാധന സാമഗ്രികള്‍ ഓഫീസിനുള്ളില്‍ പൂഴ്ത്തിവെച്ച നിലയില്‍ കണ്ടെത്തിയതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. സംഭവത്തില്‍ പോലീസ് പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഫാല്‍ത്ത മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്നു ജഹാംഗീര്‍ ഖാന്. എന്നാല്‍ മെയ് 21-ന് നടന്ന റീ-പോളിംഗിന് തൊട്ടുമുന്‍പ് ഇയാള്‍ മത്സരത്തില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചത് വലിയ വിവാദമായിരുന്നു. ജഹാംഗീറിന്റെ നടപടിയെ തൃണമൂല്‍ കോണ്‍ഗ്രസ് വഞ്ചനയെന്ന് വിശേഷിപ്പിച്ചപ്പോള്‍, ഇയാള്‍ ഭയന്നോടുകയാണെന്ന് ബിജെപി നേതാക്കളും ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ദേബാംഗ്ഷു പാണ്ഡെ 1,09,021 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും, മത്സരരംഗത്ത് നിന്ന് പിന്മാറിയ ജഹാംഗീര്‍ ഖാന് 7,783 വോട്ടുകളുമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തിരുന്നു.