നെടുമങ്ങാട്: കരിക്കുഴിയിൽ ഒന്നരവയസ്സുകാരൻ അർഷിദിന്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. കുട്ടിയുടെ ശരീരത്തിലേറ്റ തുടർച്ചയായ മർദ്ദനത്തെ തുടർന്ന് ആന്തരിക അവയവങ്ങളിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ അഖിലയെയും രണ്ടാനച്ഛൻ അഷ്കറിനെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
കരിക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകൻ അർഷിദിനെ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തെ എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചത്. ഭക്ഷണം നൽകുന്നതിനിടെ കുട്ടി ഛർദ്ദിച്ചുവെന്ന് പറഞ്ഞാണ് അഷ്കർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ചികിത്സയിലിരിക്കെ കുട്ടി മരണപ്പെടുകയായിരുന്നു. ഈ സമയത്ത് കുട്ടിയുടെ അമ്മ അഖില തമിഴ്നാട്ടിൽ നൃത്തപരിപാടിയിൽ പങ്കെടുക്കുകയായിരുന്നു. കുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് അർഷിദിന്റെ മുത്തശ്ശനും മുത്തശ്ശിയും നൽകിയ പരാതിയിലാണ് ക്രൂരമായ പീഡനവിവരങ്ങൾ പുറത്തുവന്നത്.
രണ്ടാനച്ഛനായ അഷ്കർ കുട്ടിയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഏകദേശം ഒരു മാസം മുമ്പ് ഇയാൾ കുട്ടിയുടെ കൈ തല്ലിയൊടിച്ചിരുന്നതായും പരാതിയിലുണ്ട്. കുട്ടിയുടെ ശരീരത്തിൽ രണ്ട് ദിവസം മുമ്പുണ്ടായ മർദ്ദനത്തിന്റെ പാടുകൾ ഇൻക്വസ്റ്റ് ഘട്ടത്തിൽ തന്നെ കണ്ടെത്തിയിരുന്നു. ഇത് നേരത്തെയുള്ള ക്രൂരതകളുടെ തുടർച്ചയാണെന്നാണ് പോലീസിന്റെ നിഗമനം. നിലവിൽ നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.