തിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായി സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ ബിജെപി തീരുമാനിച്ചു. പതിനാറാം നിയമസഭാ സമ്മേളനത്തിൽ സ്പീക്കർ സ്ഥാനത്തേക്കുള്ള പാർട്ടി സ്ഥാനാർഥിയായി ചാത്തന്നൂർ എംഎൽഎ ബി ബി ഗോപകുമാർ നിയമസഭാ സെക്രട്ടറി ഷാജി സി ബേബിക്ക് പത്രിക സമർപ്പിച്ചു. രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ എന്നിവർക്കൊപ്പമെത്തിയാണ് ഗോപകുമാർ പത്രിക നൽകിയത്. തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ആശാനാഥ്, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സുരേഷ് എന്നിവരും പത്രികാസമർപ്പണ വേളയിൽ സന്നിഹിതരായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ചേർന്ന പാർട്ടി യോഗത്തിലാണ് സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള നിർണ്ണായക തീരുമാനം ബിജെപി കൈക്കൊണ്ടത്. ചാത്തന്നൂരിലെ കഠിനപ്രയത്നത്തിലൂടെയും അവിശ്രമമായ പ്രവർത്തനങ്ങളിലൂടെയും രാഷ്ട്രീയ ശ്രദ്ധനേടിയ ബി ബി ഗോപകുമാറിനെ സ്ഥാനാർത്ഥിയായി നിശ്ചയിക്കുകയായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും വി മുരളീധരനും ചേർന്നാണ് ഗോപകുമാറിന്റെ പേര് നിർദ്ദേശിച്ചത്.
സ്പീക്കർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി തിരുവഞ്ചൂർ രാധാകൃഷ്ണനും എൽഡിഎഫ് സ്ഥാനാർത്ഥിയായി എ സി മൊയ്തീനും ഇതിനകം പത്രിക സമർപ്പിച്ചിട്ടുണ്ട്. മൂന്ന് മുന്നണികളും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ നിയമസഭയിൽ കനത്ത പോരാട്ടമാണ് നടക്കുന്നത്. വെള്ളിയാഴ്ചയാണ് സ്പീക്കറെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് നടക്കുക.