കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് പിളർപ്പിന്റെ വക്കിലാണെന്ന സൂചനകൾ ശക്തമാകുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് നിയമസഭാംഗങ്ങളിൽ ബഹുഭൂരിപക്ഷം പേരും മമത ബാനർജി വിളിച്ചുചേർത്ത നിർണ്ണായക യോഗത്തിൽ നിന്നും വിട്ടുനിന്നു. ഞായറാഴ്ച വൈകിട്ട് മമതയുടെ വസതിയിൽ വിളിച്ചുചേർത്ത യോഗത്തിൽ ആകെ ഉണ്ടായിരുന്ന 80 എംഎൽഎമാരിൽ 20 പേർ മാത്രമാണ് പങ്കെടുത്തത്. അംഗങ്ങളുടെ കുറഞ്ഞ സാന്നിധ്യത്തെത്തുടർന്ന് യോഗം റദ്ദാക്കേണ്ടി വന്നു.
എംപിമാരായ അഭിഷേക് ബാനർജി, കല്യാൺ ബാനർജി എന്നിവർക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ പ്രതിഷേധിച്ചും, അത് സംബന്ധിച്ച തുടർനടപടികൾക്കായി മണ്ഡലങ്ങളിൽ തുടരുന്നതിനാലുമാണ് മറ്റുള്ളവർ യോഗത്തിൽ പങ്കെടുക്കാതിരുന്നത് എന്നാണ് തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക വിശദീകരണം. പാർട്ടി വക്താവ് കുനാൽ ഘോഷ് മാധ്യമങ്ങളിലൂടെ ഇക്കാര്യം വ്യക്തമാക്കിയെങ്കിലും, 60 എംഎൽഎമാർ വിട്ടുനിന്നത് പാർട്ടി നേതൃത്വത്തിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ബംഗാളിൽ ഭരണത്തിൽ നിന്നും പുറത്തായതോടെ തൃണമൂൽ നേതാക്കൾക്കെതിരെ ജനരോഷം വർധിക്കുകയാണ്. ഇതിന്റെ ഭാഗമായി വിവിധയിടങ്ങളിൽ നേതാക്കളെ ജനങ്ങൾ തടയുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അടുത്തിടെ ശ്രീറാംപുർ എംപി കല്യാൺ ബാനർജിക്ക് നേരെയും, സോണാർപുർ മേഖലയിൽ വെച്ച് തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് നേരെയും ശക്തമായ പ്രതിഷേധവും ആക്രമണവും ഉണ്ടായിരുന്നു. സംഘടനാപരമായ ഈ പ്രതിസന്ധികൾ പാർട്ടിയിലെ ആഭ്യന്തര ഭിന്നതകളെ കൂടുതൽ രൂക്ഷമാക്കുകയാണ്.