ചെന്നൈ: തമിഴക വെട്രി കഴഗം സ്ഥാപകനും നടനുമായ വിജയ് ഉൾപ്പെടെയുള്ളവർക്ക് മദ്രാസ് ഹൈക്കോടതി വ്യാഴാഴ്ച നോട്ടീസ് അയച്ചു. 2026-ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ കുട്ടികളെ ഉപയോഗിച്ചതുൾപ്പെടെയുള്ള അഴിമതി ആരോപണങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് ഹൈക്കോടതി നടപടി. ജസ്റ്റിസുമാരായ ജി ആർ സ്വാമിനാഥൻ, വി ലക്ഷ്മിനാരായണൻ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
കടലൂർ ജില്ലയിലെ അഭിഭാഷകൻ എൽ വാസുകി സമർപ്പിച്ച ഹർജിയിൽ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ, തമിഴ്നാട് ചീഫ് ഇലക്ടറൽ ഓഫീസർ, ഡിഎംകെ പ്രസിഡന്റ് എം കെ സ്റ്റാലിൻ, എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി എന്നിവർക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി മെയ് 29-ലേക്ക് മാറ്റി. 2026 ഏപ്രിൽ 21-ന് ചെന്നൈ വൈഎംസിഎ ഗ്രൗണ്ടിൽ നടന്ന പരിപാടിക്കിടെ വിജയ് നടത്തിയ പ്രസംഗം തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. മാതാപിതാക്കളെ പാർട്ടിക്ക് വോട്ട് ചെയ്യാൻ പ്രേരിപ്പിക്കണമെന്ന് കുട്ടികളോട് ആവശ്യപ്പെട്ടത് 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 123 പ്രകാരം അനാവശ്യ സ്വാധീനം ചെലുത്തലാണ് എന്നാണ് ആരോപണം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മറ്റും പ്രചരിച്ച പ്രസംഗം പ്രായപൂർത്തിയാകാത്ത കുട്ടികളെ തെരഞ്ഞെടുപ്പ് സ്വാധീനത്തിനുള്ള ഉപകരണങ്ങളായി ഉപയോഗിക്കുന്നുവെന്ന വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇതിനുപുറമെ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മൈലാപ്പൂർ, ആലങ്കുളം, തിരുമംഗലം തുടങ്ങിയ മണ്ഡലങ്ങളിൽ വോട്ടർമാർക്ക് പണം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണങ്ങളും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ഇത്തരം ക്രമക്കേടുകൾക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും ചീഫ് ഇലക്ടറൽ ഓഫീസറും അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം.