തിരുവനന്തപുരം: മുൻ ഗതാഗത മന്ത്രി ഗണേഷ് കുമാറിന് 40 വർഷങ്ങൾക്ക് മുൻപ് ലൈസൻസ് അനുവദിച്ചതിൽ ഗുരുതരമായ നിയമലംഘനം നടന്നതായി മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. 18 വയസ്സ് തികയുന്നതിന് മുൻപ് അദ്ദേഹത്തിന് ലൈസൻസ് ലഭിച്ചുവെന്ന വിവരം പുറത്തുവന്നതോടെ വിഷയത്തിൽ ഗതാഗത കമ്മീഷണർ സി. നാഗരാജു നിയമോപദേശം തേടാൻ തീരുമാനിച്ചു. വകുപ്പിന്റെ രേഖകൾ പ്രകാരം ഗണേഷ് കുമാറിൻ്റെ ജനനത്തീയതിയും ലൈസൻസ് അനുവദിച്ച തീയതിയും തമ്മിൽ വലിയ പൊരുത്തക്കേടുകളാണുള്ളത്. ജനനത്തീയതി 1966 മെയ് 25 ആണ്. എന്നാൽ അദ്ദേഹത്തിന് ലൈസൻസ് ലഭിച്ചത് 1984 ഫെബ്രുവരി 13-നും. നിയമപരമായി ഗിയറുള്ള വാഹനങ്ങൾ ഓടിക്കാൻ 18 വയസ്സ് തികയണമെന്നിരിക്കെ, അദ്ദേഹത്തിന് ലൈസൻസ് ലഭിക്കുമ്പോൾ പ്രായം 17 വയസ്സും 8 മാസവും മാത്രമായിരുന്നു.
ദശകങ്ങൾക്ക് മുൻപ് നടന്ന സംഭവമായതിനാലാണ് വകുപ്പ് ഇപ്പോൾ നിയമപരമായ വശങ്ങൾ പരിശോധിക്കുന്നത്. സാരഥി സോഫ്റ്റ്വെയറിലേക്കുള്ള മാറ്റങ്ങൾക്കിടയിലും ഈ പിഴവ് ഇത്രയും കാലം ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു. ലൈസൻസിലെ വിവരങ്ങൾ ആധാറിലെ പേരുമായി ഒത്തുപോകുന്ന രീതിയിലേക്ക് മാറ്റാനും നടപടികൾ ആരംഭിച്ചു. നിലവിൽ ലൈസൻസിൽ പേരിനൊപ്പം ‘എംഎൽഎ’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 2019-ൽ സാരഥി പ്ലാറ്റ്ഫോം നിലവിൽ വരുന്നതിന് മുൻപാണ് പേരിനൊപ്പം സ്ഥാനപ്പേര് കൂടി ചേർത്തതെന്നാണ് സൂചന. ഇത് മാറ്റി ഔദ്യോഗിക രേഖകളിലെ പേര് മാത്രമാക്കാനാണ് നിർദ്ദേശം.
നിലവിൽ 2028 ജൂലൈ 10 വരെയാണ് ഗണേഷ് കുമാറിൻ്റെ ലൈസൻസിന് കാലാവധിയുള്ളത്. എന്നാൽ പ്രായപരിധി ലംഘിച്ചുകൊണ്ട് ലൈസൻസ് എടുത്തുവെന്ന കണ്ടെത്തൽ സ്ഥിരീകരിക്കപ്പെട്ടാൽ തുടർനടപടികൾ എന്താകുമെന്നത് നിയമോപദേശത്തിന് ശേഷം മാത്രമേ വ്യക്തമാകൂ. സാങ്കേതിക വിദ്യയും സോഫ്റ്റ്വെയറുകളും ഇത്രയേറെ പുരോഗമിച്ചിട്ടും 40 വർഷമായി ഈ നിയമലംഘനം പരിശോധിക്കപ്പെട്ടില്ല എന്നത് മോട്ടോർ വാഹന വകുപ്പിന്റെ മുൻകാല പ്രവർത്തനങ്ങളിലെ വീഴ്ചയായും വിലയിരുത്തപ്പെടുന്നുണ്ട്.