മലപ്പുറം: വീടിന്റെ സുരക്ഷാ ഗേറ്റ് കടന്ന് തിരക്കേറിയ റോഡിലേക്ക് ഇറങ്ങിയ പിഞ്ചുകുഞ്ഞിന് രക്ഷകരായി ബസ് ജീവനക്കാർ. കൊണ്ടോട്ടി വലിയപറമ്പിൽ ഇന്ന് രാവിലെ 8.30-ഓടെയാണ് സംഭവം നടന്നത്. വീട്ടുകാരുടെ ശ്രദ്ധ മാറിയ തക്കത്തിന് ഗേറ്റ് തുറന്ന് പുറത്തെത്തിയ ഒരു വയസ്സുകാരനാണ് അപകടകരമായ സാഹചര്യത്തിൽ റോഡിൽ അകപ്പെട്ടത്.
ഈ സമയത്ത് അതുവഴി കടന്നുപോയ സഫ മർവ എന്ന ബസിലെ ജീവനക്കാരാണ് കുഞ്ഞിനെ കണ്ട് വാഹനം നിർത്തിയത്. ബസ് ഡ്രൈവർ രാമചന്ദ്രന്റെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് ഉടൻ തന്നെ വാഹനം നിർത്തുകയും, കണ്ടക്ടർ നവാസ് പുറത്തിറങ്ങി കുഞ്ഞിനെ സുരക്ഷിതമായി എടുക്കുകയുമായിരുന്നു. തുടർന്ന് ജീവനക്കാർ തന്നെ കുഞ്ഞിനെ വീട്ടിലെത്തിക്കുകയും ചെയ്തു.
കുട്ടി മുട്ടിലിഴഞ്ഞ് റോഡിന്റെ മധ്യഭാഗത്തേക്ക് എത്തുന്നതിന്റെ ദൃശ്യങ്ങൾ ബസിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. തിരക്കേറിയ റോഡിൽ കുഞ്ഞ് ഒറ്റയ്ക്ക് ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാരുടെ കരുതൽ വലിയൊരു അപകടമാണ് ഒഴിവാക്കിയത്. സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.