കൊച്ചി: അറബിക്കടലില്‍ കൊച്ചി തീരത്തിന് സമീപം എംഎസ്സി എല്‍സ-3 എന്ന ചരക്കുകപ്പല്‍ മുങ്ങിത്താഴാനിടയായ സംഭവം കപ്പൽ അധികൃതരുടെ ഗുരുതരമായ അനാസ്ഥ മൂലമാണെന്ന് കേന്ദ്ര സർക്കാർ. ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുകളുള്ളത്. കപ്പലിലെ ജീവനക്കാരുടെ പരിചയക്കുറവും സുരക്ഷാ വീഴ്ചകളുമാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം, നാട്ടിലേക്ക് മടങ്ങാൻ അനുമതി തേടിയ ഏഴ് ജീവനക്കാരിൽ മൂന്ന് പേർക്ക് കർശന വ്യവസ്ഥകളോടെ കോടതി യാത്രാനുമതി നൽകിയിരുന്നു. കേസിൽ സാക്ഷികളായ ഉദ്യോഗസ്ഥരെയാണ് നിലവിൽ വിട്ടയച്ചിട്ടുള്ളത്.
കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ലൈബീരിയൻ പതാക വഹിച്ചുള്ള മെഡിറ്ററേനിയൻ കമ്പനിയുടെ ഈ ചരക്കുകപ്പൽ അപകടത്തിൽപ്പെട്ടത്. വിഴിഞ്ഞത്ത് എത്തുന്നതിന് മുൻപ് തൂത്തുക്കുടിയിൽ നിന്നുള്ള യാത്രയിൽ തന്നെ കപ്പൽ അഞ്ച് ഡിഗ്രിയോളം ചരിഞ്ഞ നിലയിലായിരുന്നു. കപ്പലിന്റെ ബാലൻസിങ് സംവിധാനവും സുരക്ഷാ മാനേജ്മെന്റ് ക്രമീകരണങ്ങളും പൂർണ്ണമായും തകരാറിലായിട്ടും യാത്ര തുടരാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. ഈ അപകടാവസ്ഥയെക്കുറിച്ച് വിഴിഞ്ഞം തുറമുഖ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അത് അവഗണിച്ചു. ഒടുവിൽ ഡെക്കിലെ കണ്ടെയ്നറുകൾ മറിഞ്ഞ് കപ്പൽ പൂർണ്ണമായും കടലിൽ താഴുകയായിരുന്നു.
1997 മുതൽ സർവീസ് നടത്തുന്ന കപ്പൽ മുൻപ് ഒരു കൂട്ടിയിടിയിൽ പെട്ടിരുന്നെങ്കിലും ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നില്ലെന്ന് കേന്ദ്ര റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. കപ്പൽ ജീവനക്കാർക്ക് അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള പ്രായോഗിക പരിശീലനം ലഭിച്ചിരുന്നില്ല. നിലവിൽ കടലിൽ കിടക്കുന്ന കപ്പലിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യേണ്ട ഉത്തരവാദിത്തം കമ്പനിക്കാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. അപകടകരമായ രാസവസ്തുക്കൾ ഉൾപ്പെടെ നൂറുകണക്കിന് കണ്ടെയ്നറുകൾ കപ്പലിലുണ്ടായിരുന്നത് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും മത്സ്യബന്ധന മേഖലയ്ക്കും വലിയ ഭീഷണിയാണ് ഉയർത്തിയിരിക്കുന്നത്. സംഭവത്തിൽ കൊച്ചി കോസ്റ്റൽ പോലീസ് കേസെടുത്ത് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. അപകടം വരുത്തിവെച്ച നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ഈടാക്കാൻ കേരള, തമിഴ്നാട് സർക്കാരുകൾ നിയമനടപടികളുമായി മുന്നോട്ട് പോകുകയാണ്.