കൊച്ചി: കലൂരില്‍ രണ്ട് പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമം നടത്തുകയും ഒരാളെ ക്രൂരമായി മര്‍ദിക്കുകയും ചെയ്ത കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശികളായ അരുണ്‍, ആല്വിന്, സാബിത്ത് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കലൂരിലെ ഒരു ഹോട്ടലിലെ ജീവനക്കാരാണ് പിടിയിലായവര്‍ എന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ ആകെ പത്ത് പ്രതികളാണുള്ളത്. ഒന്നാം പ്രതിയായ അക്ബര്‍ അലി ഉള്‍പ്പെടെയുള്ള ബാക്കി ഏഴ് പേര്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. കലൂര്‍ ജങ്ഷന് സമീപമുള്ള ചക്കാലപ്പാടം റോഡില്‍ വെച്ചായിരുന്നു സംഭവം നടന്നത്.
ചൊവ്വാഴ്ച പുലര്‍ച്ചെ നാലേമുക്കാലോടെയാണ് പരീക്ഷാ തയ്യാറെടുപ്പുകള്‍ക്കായി താമസിച്ചിരുന്ന രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ആക്രമണമുണ്ടായത്. പുലര്‍ച്ചെ ചായ കുടിക്കാനായി പുറത്തിറങ്ങിയതായിരുന്നു ഇവര്‍. ഈ സമയത്ത് എട്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും അടങ്ങുന്ന സംഘം അവിടെയെത്തുകയും പെണ്‍കുട്ടികളോട് മോശമായി പെരുമാറുകയുമായിരുന്നു. പ്രതികളുടെ കൂടെയുണ്ടായിരുന്ന സ്ത്രീകള്‍ പെണ്‍കുട്ടികളോട് മുന്നോട്ട് നോക്കാന്‍ ആവശ്യപ്പെടുകയും, പിന്നാലെ ഒന്നാം പ്രതി അക്ബര്‍ അലി പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം സൂചിപ്പിക്കുന്ന ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്തു.
ഇതിനെ പെണ്‍കുട്ടികള്‍ ചോദ്യം ചെയ്തതോടെ സംഘം പ്രകോപിതരാവുകയും വാക്കേറ്റമുണ്ടാകുകയും ചെയ്തു. തുടര്‍ന്ന് അക്രമിസംഘം പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് നിലത്തെറിഞ്ഞ് നശിപ്പിക്കുകയും, ഒരു പെണ്‍കുട്ടിയെ റോഡിലിട്ട് ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ആക്രമിക്കപ്പെട്ട പെണ്‍കുട്ടികളും പ്രതികളും തമ്മില്‍ മുന്‍പരിചയമൊന്നുമില്ലെന്ന് കൊച്ചി ഡിസിപി വ്യക്തമാക്കി. ഒളിവിലുള്ള പ്രതികളെ ഉടന്‍ പിടികൂടുമെന്നും ഒന്നാം പ്രതി അക്ബര്‍ അലിയുടെ ബിസിനസ് ഇടപാടുകളെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.