കൊച്ചി: കൊച്ചി നഗരമധ്യത്തിൽ വിദ്യാർഥിനികളെ വളഞ്ഞിട്ടാക്രമിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. സെക്സ് റാക്കറ്റ് കണ്ണിയായ പാലക്കാട് മണ്ണാർക്കാട് പുല്ലശ്ശേരി പെരുമണ്ണിൽ അക്ബർ അലി (29) ആണ് നോർത്ത് പൊലീസിന്റെ പിടിയിലായത്. ചെർപ്പുളശ്ശേരിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അക്രമം നടന്ന് അഞ്ചു ദിവസത്തിന് ശേഷമാണ് മുഖ്യപ്രതി വലയിലായത്.
കേസുമായി ബന്ധപ്പെട്ട് നേരത്തെ മലപ്പുറം എടപ്പാൾ സ്വദേശി ആൽബിൻ സൈമൺ, മണ്ണാർക്കാട് സ്വദേശികളായ സാബിത്, അരുൺ എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. ഇവർ നിലവിൽ റിമാൻഡിലാണ്. ഇവരെ ചോദ്യം ചെയ്തതിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അക്ബർ അലിയെ കണ്ടെത്താനായത്. കേസിൽ ഉൾപ്പെട്ട മറ്റ് ആറുപേർക്കായുള്ള അന്വേഷണം പൊലീസ് ശക്തമാക്കിയിട്ടുണ്ട്. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അക്ബർ അലിയിൽ നിന്നും ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ 4.30-ഓടെയാണ് കൊച്ചി കലൂർ ജങ്ഷനു സമീപത്തെ ചക്കാലപ്പാടം റോഡിൽ വെച്ച് വിദ്യാർഥിനികൾക്ക് നേരെ ആക്രമണം ഉണ്ടായത്. രണ്ട് സ്ത്രീകൾ ഉൾപ്പെടെയുള്ള പത്തംഗ സംഘമാണ് വിദ്യാർഥിനികളെ വളഞ്ഞിട്ട് ആക്രമിച്ചത്. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് നോർത്ത് പൊലീസ് അറിയിച്ചു.