മംഗളൂരു: മഴക്കാലത്ത് സുരക്ഷിതമായ ട്രെയിൻ ഗതാഗതം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കൊങ്കൺ റെയിൽവേ പാതയിൽ പുതിയ സമയക്രമം പ്രഖ്യാപിച്ചു. ജൂൺ 15 മുതൽ പരിഷ്കരിച്ച ടൈംടേബിൾ നിലവിൽ വരും. കൊങ്കൺ റെയിൽവേ വഴി സർവീസ് നടത്തുന്ന 38 ജോഡി ട്രെയിനുകളുടെ സമയക്രമത്തിലാണ് ഈ മാറ്റം വരുത്തിയിരിക്കുന്നത്.
പ്രതികൂല കാലാവസ്ഥയിൽ യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി ട്രെയിനുകളുടെ വേഗതയിൽ റെയിൽവേ ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ട്. സാധാരണയായി മണിക്കൂറിൽ 110 മുതൽ 120 കിലോമീറ്റർ വരെ വേഗതയിൽ സർവീസ് നടത്തുന്ന ട്രെയിനുകൾ, മൺസൂൺ കാലയളവിൽ 40 മുതൽ 75 കിലോമീറ്റർ വേഗതയിൽ മാത്രമായിരിക്കും ഓടുക. വേഗത കുറയുന്നതോടെ കേരളത്തിൽ നിന്ന് കൊങ്കൺ വഴി പുറപ്പെടുന്ന ട്രെയിനുകൾ നേരത്തെ യാത്ര തുടങ്ങേണ്ടി വരും. എന്നാൽ, കൊങ്കൺ പാത വഴി കേരളത്തിലേക്ക് എത്തുന്ന ട്രെയിനുകൾ സാധാരണ സമയത്തേക്കാൾ വൈകി മാത്രമേ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരുകയുള്ളൂ.
കോഴിക്കോട് വഴി കടന്നുപോകുന്ന എറണാകുളം-നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് എക്സ്പ്രസ്, തിരുവനന്തപുരം-ലോക്മാന്യതിലക് നേത്രാവതി എക്സ്പ്രസ് തുടങ്ങി കേരളത്തെ ബന്ധിപ്പിക്കുന്ന പ്രധാന ദീർഘദൂര ട്രെയിനുകളുടെ സമയക്രമത്തിലും ഈ മാറ്റങ്ങൾ പ്രതിഫലിക്കും. ഇതിനനുസരിച്ച് യാത്രക്കാർ സമയക്രമം പരിശോധിക്കണമെന്ന് റെയിൽവേ അധികൃതർ നിർദ്ദേശിച്ചു. പുതുക്കിയ സമയക്രമമനുസരിച്ച് എറണാകുളം-പുണെ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22149) പുലർച്ചെ 02.15-നും, തിരുനെൽവേലി-ഗാന്ധിധാം ഹംസഫർ എക്സ്പ്രസ് (20923) രാവിലെ 05.15-നും യാത്ര തുടങ്ങും. എറണാകുളം-അജ്മീർ മരുസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12977) വൈകുന്നേരം 18.50-നും, മഡ്ഗാവ്-എറണാകുളം എക്സ്പ്രസ് (10215) രാത്രി 21.00-നും സർവീസ് ആരംഭിക്കും. തിരുവനന്തപുരം സെൻട്രൽ-ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22653) വെള്ളിയാഴ്ചകളിൽ രാത്രി 22.00-ന് പുറപ്പെടും.