തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. സഭയിൽ നടന്ന വോട്ടെടുപ്പിൽ 101 വോട്ടുകൾ നേടിയാണ് അദ്ദേഹം സ്പീക്കറായി ചുമതലയേൽക്കുന്നത്. പ്രായം കൊണ്ടും സഭാപരിചയം കൊണ്ടും സഭയിലെ ഏറ്റവും മുതിർന്ന അംഗങ്ങളിൽ ഒരാളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ നിന്നും വിജയിച്ചാണ് സഭയിലെത്തിയത്.
പ്രൊ ടെം സ്പീക്കർ ജി. സുധാകരനാണ് വിജയപ്രഖ്യാപനം നടത്തിയത്. തുടർന്ന് മുഖ്യമന്ത്രി വി. ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചേർന്ന് പുതിയ സ്പീക്കറെ സ്പീക്കർ ചെയറിലേക്ക് ആനയിച്ചു. ആകെ 139 എം.എൽ.എമാർ വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിൽ, റിട്ടേണിങ് ഓഫീസർ കൂടിയായ പ്രൊ ടെം സ്പീക്കർ ജി. സുധാകരൻ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഗുണനച്ചിഹ്നം (X) രേഖപ്പെടുത്തിയായിരുന്നു വോട്ടെടുപ്പ് പൂർത്തിയാക്കിയത്.
കേരള നിയമസഭാ ചരിത്രത്തിൽ ആദ്യമായി ഒരു ബി.ജെ.പി പ്രതിനിധി സ്പീക്കർ തിരഞ്ഞെടുപ്പിൽ മത്സരിച്ചു എന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. വോട്ടെടുപ്പ് ഫലം പുറത്തുവന്നപ്പോൾ തിരുവഞ്ചൂർ രാധാകൃഷ്ണന് 101 വോട്ടുകൾ ലഭിച്ചപ്പോൾ, എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ എ. സി. മൊയ്തീന് 35 വോട്ടുകളും ബി.ജെ.പി സ്ഥാനാർത്ഥിയായ ബി. ബി. ഗോപകുമാറിന് 3 വോട്ടുകളും ലഭിച്ചു. സഭയിൽ ബി.ജെ.പിയുടെ സാന്നിധ്യം സജീവമാക്കുന്നതിനും പ്രതിപക്ഷ റോളിൽ ശക്തമായ ഇടപെടലുകൾ നടത്തുന്നതിനും ഈ മത്സരം കാരണമാകുമെന്നാണ് വിലയിരുത്തൽ.