മുംബൈ: യുഎസും ഇറാനും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽ കരാറിലെ അനിശ്ചിതത്വങ്ങളും മിഡിൽ ഈസ്റ്റിലെ വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും നിരീക്ഷിച്ചുകൊണ്ട് ഇന്ത്യൻ ഓഹരി വിപണി ജാഗ്രതയോടെയാണ് ബുധനാഴ്ച വ്യാപാരം ആരംഭിച്ചത്. ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് നടത്തിയ ആക്രമണം വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന ഇറാൻ ആരോപണവും, ലെബനനിലെ ഇസ്രായേൽ വ്യോമാക്രമണവും ആഗോള വിപണിയിൽ ആശങ്കകൾ വർധിപ്പിച്ചിട്ടുണ്ട്. എങ്കിലും, അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 98 ഡോളർ എന്ന നിലയിൽ തുടരുന്നത് ആഭ്യന്തര വിപണിയിലെ സമ്മർദം ഒരു പരിധിവരെ കുറയ്ക്കുന്നുണ്ട്.
ആദ്യഘട്ട വ്യാപാരത്തിൽ നിഫ്റ്റി 50 നേരിയ നേട്ടത്തോടെ 23,900 എന്ന നിലവാരത്തിന് തൊട്ടടുത്തായി തുടരുമ്പോൾ, സെൻസെക്സ് വലിയ മാറ്റങ്ങളില്ലാതെ ഫ്ലാറ്റ് ആയാണ് വ്യാപാരം നടത്തുന്നത്. മെറ്റൽ ഓഹരികളാണ് ഇന്ന് വിപണിക്ക് മികച്ച പിന്തുണ നൽകുന്നത്; ഹിൻഡാൽകോ, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയ ഓഹരികളിലെ മുന്നേറ്റത്തിന്റെ കരുത്തിൽ മെറ്റൽ സൂചിക 1.5 ശതമാനത്തോളം നേട്ടം രേഖപ്പെടുത്തി. മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 0.3% മുതൽ 0.4% വരെ ഉയർന്നു നിൽക്കുന്നത് വിപണിയിൽ ചെറുകിട നിക്ഷേപകരുടെ ശക്തമായ പങ്കാളിത്തം നിലനിൽക്കുന്നു എന്നതിന്റെ സൂചനയാണ്. വിപണി നിലവിൽ ‘റൗണ്ടഡ് റിക്കവറി’ ഘടനയിലാണ്. ജൂൺ സീരീസിലേക്ക് കടക്കുമ്പോൾ 23,850 – 23,800 ലെവലുകൾ സപ്പോർട്ട് ആയും, 24,050 – 24,100 മേഖല പ്രതിരോധമായും നിരീക്ഷിക്കേണ്ടതുണ്ട്. 23,700 ആണ് വിപണിയുടെ നിർണ്ണായക പൊസിഷണൽ സപ്പോർട്ട് ലെവൽ.
കമ്പനികളുമായി ബന്ധപ്പെട്ട വാർത്തകളും വിപണിയിൽ ചലനങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഓഹരികൾ ഒഎഫ്എസ് വഴി വിൽക്കാനുള്ള സർക്കാർ തീരുമാനത്തെത്തുടർന്ന് കോൾ ഇന്ത്യയുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. ബാങ്കിനുള്ളിൽ ആഭ്യന്തര വിജിലൻസ് അന്വേഷണം നടക്കുന്നെന്ന റിപ്പോർട്ടുകളെ തുടർന്ന് എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികൾ 2 ശതമാനത്തോളം ഇടിഞ്ഞു. എനർജി, പൊതുമേഖലാ ഓഹരികൾ വൻ വിൽപന സമ്മർദം നേരിടുമ്പോൾ മെറ്റൽ ഓഹരികളാണ് വിപണിയെ താങ്ങിനിർത്തുന്നത്. മിഡിൽ ഈസ്റ്റിലെ ഭൗമരാഷ്ട്രീയ സംഭവവികാസങ്ങൾ നിലനിൽക്കുന്നതിനാൽ ഹ്രസ്വകാലത്തേക്ക് വിപണിയിൽ ചാഞ്ചാട്ടങ്ങൾ തുടരാനാണ് സാധ്യതയെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.