മുംബൈ: ഇന്ത്യൻ ഓഹരി വിപണി വെള്ളിയാഴ്ച നഷ്ടത്തോടെ വ്യാപാരം ആരംഭിക്കുമെന്ന് സൂചന. ഗിഫ്റ്റ് നിഫ്റ്റിയിലെ ഇടിവും ആഗോള വിപണിയിലെ സമ്മിശ്ര പ്രതികരണങ്ങളും വിപണിയെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. ബക്രീദ് പ്രമാണിച്ച് വ്യാഴാഴ്ച വിപണിക്ക് അവധിയായിരുന്നു. ബുധനാഴ്ചത്തെ വ്യാപാരത്തിനൊടുവിൽ സെൻസെക്സ് 141.90 പോയിന്റ് താഴ്ന്ന് 75,867.80 ലും നിഫ്റ്റി 6.55 പോയിന്റ് കുറഞ്ഞ് 23,907.15 ലും ആണ് ക്ലോസ് ചെയ്തത്.
ഏഷ്യൻ വിപണികൾ വെള്ളിയാഴ്ച നേരിയ മുന്നേറ്റം പ്രകടമാക്കുന്നുണ്ട്. യുഎസും ഇറാനും തമ്മിലുള്ള സംഘർഷം ലഘൂകരിക്കുന്നതിനുള്ള താൽക്കാലിക കരാറിനെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് വിപണിക്ക് കരുത്തായത്. ജപ്പാനിലെ നിക്കി, ടോപ്പിക്സ് സൂചികകളും ദക്ഷിണ കൊറിയയുടെ കോസ്പിയും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. എന്നാൽ, ഗിഫ്റ്റ് നിഫ്റ്റി 23,881 ലെവലിൽ വ്യാപാരം നടത്തുന്നത് ഇന്ത്യൻ വിപണിയിൽ താഴ്ന്ന തുടക്കത്തെ സൂചിപ്പിക്കുന്നു. മറുഭാഗത്ത്, യുഎസ് ഓഹരി വിപണി നേട്ടത്തോടെയാണ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഡൗ ജോൺസ്, എസ് ആൻഡ് പി, നാസ്ഡാക്ക് സൂചികകൾ മികച്ച മുന്നേറ്റം കാഴ്ചവെച്ചപ്പോൾ എൻവിഡിയ, എഎംഡി, മൈക്രോസോഫ്റ്റ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി.
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ ക്രൂഡ് ഓയിൽ, സ്വർണം എന്നീ മേഖലകളിലും പ്രതിഫലിക്കുന്നുണ്ട്. യുഎസ്-ഇറാൻ വെടിനിർത്തൽ കരാറിനെക്കുറിച്ചുള്ള പ്രതീക്ഷകൾ അസംസ്കൃത എണ്ണ വിലയിൽ കുറവുണ്ടാക്കി. അതേസമയം, നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് ശ്രദ്ധ തിരിച്ചതോടെ സ്വർണ്ണ വിലയിൽ നേരിയ വർധനവുണ്ടായി. വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐ) 1,042.70 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐ) 3,821 കോടി രൂപയുടെ ഓഹരികൾ വാങ്ങി. രൂപയുടെ മൂല്യം ഡോളറിനെതിരെ മാറ്റമില്ലാതെ തുടരുകയാണ്.