ന്യൂഡൽഹി: രാജ്യത്തെ ഇ-കൊമേഴ്സ് മേഖലയിലെ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾക്ക് ‘വാല്യൂ ഗ്രോസറി’ വഴിയൊരുക്കുമെന്ന് റെഡ്സീര്‍ സ്ട്രാറ്റജി കണ്‍സള്‍ട്ടന്റ്സിന്റെ പുതിയ റിപ്പോർട്ട്. 2030 സാമ്പത്തിക വര്‍ഷത്തോടെ ഇന്ത്യയിലെ കുടുംബങ്ങളുടെ വാര്‍ഷിക ഉപഭോഗം ഒരു ട്രില്യണ്‍ ഡോളർ (85 ലക്ഷം കോടി രൂപ) കവിയുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഡെലിവറി വേഗതയെക്കാൾ ഉപരിയായി, ഉൽപ്പന്നങ്ങളുടെ ഗുണമേന്മയും താങ്ങാനാവുന്ന വിലയും ഉറപ്പാക്കുന്ന റീട്ടെയിലർമാർക്കായിരിക്കും ഈ വിപണിയിൽ കൂടുതൽ മുൻതൂക്കം ലഭിക്കുകയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇന്ത്യൻ പലചരക്ക് വിപണി വൻ വളർച്ചാ പാതയിലാണ്. 2025-ൽ 658 ബില്യൺ ഡോളറായി കണക്കാക്കുന്ന ഈ മേഖല 2030-ഓടെ ഏകദേശം 992 ബില്യൺ ഡോളറായി വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിജിറ്റൽ വാണിജ്യം കുതിച്ചുയരുമ്പോഴും വിപണിയുടെ 91 ശതമാനവും ഇപ്പോഴും പ്രാദേശിക പലചരക്ക് കടകളുടെ കൈപ്പിടിയിലാണ്. 2030-ലും ഈ ആധിപത്യം 86 ശതമാനത്തോളം തുടരുമെന്നാണ് വിലയിരുത്തൽ. എങ്കിലും, ഓൺലൈൻ വാല്യൂ ഗ്രോസറി പ്ലാറ്റ്ഫോമുകളെ ആശ്രയിക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളുടെ എണ്ണം വർധിക്കുന്നത് വലിയ ബിസിനസ് സാധ്യതകളാണ് തുറന്നിടുന്നത്.
അണുകുടുംബങ്ങളുടെ വർധനയും ആരോഗ്യ-സുരക്ഷാ ബോധവുമുള്ള ഉപഭോക്താക്കളുടെ കടന്നുവരവും ഇന്ത്യൻ ഉപഭോക്തൃ ശീലങ്ങളിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. പ്രോട്ടീൻ സമ്പന്നമായ ഭക്ഷണങ്ങൾക്കും ഫോർട്ടിഫൈഡ് ഉൽപ്പന്നങ്ങൾക്കും ആവശ്യക്കാർ ഏറുകയാണ്. മെട്രോ നഗരങ്ങളെ അപേക്ഷിച്ച് ടയർ-2, ടയർ-3 നഗരങ്ങളിൽ നിന്നാണ് ഇപ്പോൾ കൂടുതൽ ഓൺലൈൻ ഉപഭോക്താക്കൾ എത്തുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ക്വിക്ക്-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്ക് സാധ്യമാകാത്ത വിശാലമായ ഉൽപ്പന്ന നിരയും പ്രാദേശിക ബ്രാൻഡുകളും ലഭ്യമാക്കാൻ വാല്യൂ ഗ്രോസറി പ്ലാറ്റ്ഫോമുകൾക്ക് സാധിക്കുന്നു എന്നത് ഈ മേഖലയുടെ കരുത്താണ്. രാജ്യത്തെ ഡിജിറ്റൽ സ്വീകാര്യതയും ബജറ്റ് അവബോധമുള്ള ഷോപ്പർമാരുടെ വർധനവും കണക്കിലെടുക്കുമ്പോൾ, വരും ദശകത്തിൽ വാല്യൂ ഗ്രോസറി വിപണി ഇന്ത്യയിലെ ഏറ്റവും ലാഭകരമായ ഇ-കൊമേഴ്സ് മേഖലയായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.