തിരുവനന്തപുരം: അട്ടക്കുളങ്ങര സെന്ട്രൽ ഹൈസ്കൂൾ കെട്ടിടം തകർന്ന സംഭവത്തിൽ മുൻ മന്ത്രി വി ശിവൻകുട്ടി മറുപടി പറയണമെന്ന് തിരുവനന്തപുരം മേയർ വി വി രാജേഷ് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം മൂന്ന് കോടി രൂപ ചെലവഴിച്ച് നവീകരിച്ച കെട്ടിടമാണ് തകർന്നു വീണത്. സംഭവത്തിൽ അശാസ്ത്രീയമായ നിർമ്മാണം നടന്നിട്ടുണ്ടോയെന്നും ഫണ്ട് വിനിയോഗം എങ്ങനെയാണെന്നും കണ്ടെത്താൻ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
അട്ടക്കുളങ്ങര സെൻട്രൽ ഹൈസ്കൂളിന്റെ ഒരു ഭാഗം തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ഇടിഞ്ഞു വീണത്. സ്കൂളിലെ എസ്എസ്എ ഓഫീസിന്റെ ഭാഗമാണ് തകർന്നത്. വൈകുന്നേരമായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. കെട്ടിടത്തിന്റെ കാലപ്പഴക്കം ചൂണ്ടിക്കാട്ടി നേരത്തെ തന്നെ ആശങ്കകൾ ഉയർന്നിരുന്നുവെങ്കിലും, മൂന്ന് കോടി രൂപ മുടക്കി നവീകരിച്ച കെട്ടിടം തകർന്നത് നിർമ്മാണത്തിലെ അപാകതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഈ കെട്ടിടത്തിന് കോർപ്പറേഷൻ ഫിറ്റ്നസ് നൽകിയിട്ടില്ലെന്നും മേയർ വി വി രാജേഷ് കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കെട്ടിടമാണെങ്കിലും വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂൾ എന്ന നിലയിൽ ഇതിന്റെ സുരക്ഷയിൽ കോർപ്പറേഷന് ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളെ ഇരുത്തി പഠിപ്പിക്കാൻ സാധിക്കാത്ത സാഹചര്യമുള്ള കെട്ടിടത്തിനായി കോടികൾ ചെലവഴിച്ച് നവീകരണം നടത്തിയത് എന്തിനുവേണ്ടിയാണെന്ന് അദ്ദേഹം ചോദിച്ചു. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് അടിയന്തരമായി റിപ്പോർട്ട് തേടിയിട്ടുണ്ട്. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മേയർ കത്ത് നൽകുമെന്നും അറിയിച്ചു.