കൊല്ലം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ ഫേസ്ബുക്കിലൂടെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ ഇടത് നേതാവിനെ സർവീസിൽ നിന്ന് പുറത്താക്കി. സെക്രട്ടേറിയറ്റിലെ മുൻ അഡീഷണൽ സെക്രട്ടറിയായ നന്ദകുമാർ കൊളത്താപ്പിള്ളിയെയാണ് ഐഎച്ച്ആർഡി അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ സ്ഥാനത്തുനിന്ന് നീക്കം ചെയ്തത്.
ഈ സ്ഥാനത്തേക്ക് പുതിയ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായി ലതാ പണിക്കരെ നിയമിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. അഡീഷണൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ച ശേഷം മുൻ സർക്കാരിന്റെ കാലത്താണ് നന്ദകുമാർ കൊളത്താപ്പിള്ളിയെ ഐഎച്ച്ആർഡിയിൽ നിയമിച്ചത്.
സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ മോശം പരാമർശങ്ങൾ നടത്തി അപമാനിച്ചു എന്ന് കാണിച്ച് 2023-ൽ അച്ചു ഉമ്മൻ ഡിജിപിക്ക് പരാതി നൽകിയിരുന്നു. സംഭവത്തിൽ പൊലീസ് നടപടി സ്വീകരിക്കാൻ വൈകിയതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. പിന്നീട് ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി നിസ്സാര വകുപ്പുകൾ ചുമത്തി വിട്ടയക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സർവീസിൽ നിന്നുള്ള പുറത്താക്കൽ നടപടി ഉണ്ടായിരിക്കുന്നത്.