വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ചിട്ടുള്ള കടൽ മൈനുകൾ നീക്കം ചെയ്യുന്നതിനുള്ള സന്നാഹങ്ങളുമായി അമേരിക്ക. മേഖലയിൽ വർദ്ധിച്ചുവരുന്ന ഭീഷണികളെ നേരിടാനും ചരക്കുനീക്കം സുഗമമാക്കാനും ലക്ഷ്യമിട്ട് അത്യാധുനിക ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകളെ യുഎസ് വിന്യസിച്ചു. യുഎസ് സെൻട്രൽ കമാൻഡിന്റെ കീഴിൽ യുഎസ്എസ് ഫ്രാങ്ക് ഇ. പീറ്റേഴ്സൺ, യുഎസ്എസ് മൈക്കിൾ മർഫി എന്നീ കപ്പലുകളാണ് ദൗത്യത്തിനായി രംഗത്തുള്ളത്. കപ്പലുകളെ നേരിട്ട് അപകട മേഖലയിലേക്ക് അയക്കുന്നതിന് പകരം അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മൈനുകൾ നിർവീര്യമാക്കുന്നത്.
കടലിനടിയിൽ ഒളിപ്പിച്ചിരിക്കുന്നതും ഉപരിതലത്തിൽ ഒഴുകിനടക്കുന്നതുമായ സ്ഫോടകവസ്തുക്കളെ കണ്ടെത്താൻ വിവിധ സംവിധാനങ്ങളാണ് അമേരിക്ക ഉപയോഗിക്കുന്നത്. ടോർപ്പിഡോയുടെ ആകൃതിയിലുള്ള ‘എംകെ 18 മോഡ് 2 കിംഗ്ഫിഷ്’ ഡ്രോണുകൾ വെള്ളത്തിനടിയിലൂടെ നീങ്ങി ഹൈടെക് സോണാർ സംവിധാനം വഴി മൈനുകളെ കണ്ടെത്തും. ‘എയർബോൺ ലേസർ മൈൻ ഡിറ്റക്ഷൻ സിസ്റ്റം’ (ALMDS) ഉപയോഗിച്ച് ജലോപരിതലത്തിന് തൊട്ടുകീഴെയുള്ള സ്ഫോടകവസ്തുക്കളെ എളുപ്പത്തിൽ തിരിച്ചറിയാം. കൂടാതെ, MH-60S ഹെലികോപ്റ്ററുകൾ ഈ തിരച്ചിൽ ദൗത്യങ്ങളിൽ നിർണ്ണായക പങ്ക് വഹിക്കുന്നു.
മൈനുകൾ കണ്ടെത്തിക്കഴിഞ്ഞാൽ അവയെ നശിപ്പിക്കാൻ AMNS (Airborne Mine Neutralization System) ആണ് ഉപയോഗിക്കുന്നത്. ഹെലികോപ്റ്ററിൽ നിന്നോ ഡ്രോണുകളിൽ നിന്നോ ഒരു ചെറിയ റോബോട്ടിക് യന്ത്രത്തെ മൈനിന് അടുത്തേക്ക് അയക്കുന്നു. ഇത് മൈനിന് സമീപമെത്തിയ ശേഷം സ്വയം പൊട്ടിത്തെറിച്ചാണ് ശത്രുപക്ഷത്തിന്റെ മൈനുകളെ തകർക്കുന്നത്. മൈൻ നീക്കം ചെയ്യുന്ന കപ്പലുകൾക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കുന്നത് ഈ കപ്പലുകളാണ്. ഇവയിലുള്ള ഏജിസ് (Aegis) കോംബാറ്റ് സിസ്റ്റവും ഇന്റർസെപ്റ്റർ മിസൈലുകളും ഇറാനിൽ നിന്നുള്ള കര-വ്യോമ ആക്രമണങ്ങളെ പ്രതിരോധിക്കാൻ സജ്ജമാണ്. അന്താരാഷ്ട്ര എണ്ണനീക്കത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിലെ ഭീഷണി പൂർണ്ണമായും ഒഴിവാക്കുകയാണ് യുഎസ് ലക്ഷ്യമിടുന്നത്.