സംസ്ഥാനം:നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പൂർത്തിയായതോടെ മുന്നണികൾ പ്രതീക്ഷയളക്കുന്നു. 78.27 ശതമാനം വോട്ടുകളാണ് ഇത്തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളേക്കാൾ ഉയർന്ന പോളിങ് ശതമാനം തങ്ങൾക്ക് അനുകൂലമാകുമെന്നാണ് മൂന്ന് മുന്നണികളുടെയും കണക്കുകൂട്ടൽ. 1987-ന് ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ഏറ്റവും ഉയർന്ന പോളിങ് ശതമാനമാണിത്. പാലക്കാട് ജില്ലയിലെ ചിറ്റൂർ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ പോളിങ് പത്തനംതിട്ട ജില്ലയിലെ റാന്നി മണ്ഡലത്തിലായിരുന്നു.
പോളിങ് ശതമാനത്തിന്റെ അടിസ്ഥാനത്തിൽ വിജയ സാധ്യത വിലയിരുത്തുന്നതിനായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഞായറാഴ്ച ചേർന്നു. വിവിധ മണ്ഡലം കമ്മിറ്റികളും ജില്ലാ കമ്മിറ്റികളും നൽകിയ കണക്കുകൾ പരിശോധിച്ച് പാർട്ടിയുടെ വിജയ സാധ്യത സംബന്ധിച്ച നിഗമനങ്ങളിൽ എത്തിച്ചേരും. 80 സീറ്റുകൾക്ക് മുകളിൽ നേടാനാകുമെന്നും ഭരണത്തുടർച്ച ഉണ്ടാകുമെന്നുമാണ് സിപിഐഎമ്മിന്റെ പ്രാഥമിക വിലയിരുത്തൽ. ഉയർന്ന പോളിങ് തങ്ങൾക്ക് തിരിച്ചടിയാകില്ലെന്ന പ്രതീക്ഷയും നേതാക്കൾ പങ്കുവെക്കുന്നു.
അന്തിമ വോട്ട് ശതമാനം പുറത്തുവരാൻ ഇനിയും കാത്തിരിക്കേണ്ടതുണ്ട്. സർവീസ് വോട്ടുകൾ, പോസ്റ്റൽ വോട്ടുകൾ എന്നിവ കൂടി കണക്കിൽ ചേർക്കുന്നതോടെ വോട്ടു ശതമാനത്തിൽ നേരിയ വർധന ഉണ്ടാകാൻ സാധ്യതയുണ്ട്. അതേസമയം, കേരളത്തോടൊപ്പം വോട്ടെടുപ്പ് നടന്ന അസമിലും പുതുച്ചേരിയിലും കനത്ത പോളിങ് രേഖപ്പെടുത്തിയിരുന്നു. പുതുച്ചേരിയിൽ 89.87 ശതമാനവും അസമിൽ 85.65 ശതമാനവുമാണ് വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്.