സംസ്ഥാനത്ത് ശസ്ത്രക്രിയകളിലെ പിഴവുകൾ ഒഴിവാക്കുന്നതിനായി ആരോഗ്യവകുപ്പ് പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. നിലവിലുള്ള നടപടിക്രമങ്ങൾ പരിഷ്കരിച്ച് കൂടുതൽ കർശനമായ വ്യവസ്ഥകളോടെയാണ് പുതിയ മാർഗ്ഗരേഖ തയ്യാറാക്കിയിരിക്കുന്നത്. രോഗികളുടെ സുരക്ഷ വർദ്ധിപ്പിക്കുക, ഓപ്പറേഷൻ തിയേറ്ററുകളിലെ സുതാര്യത ഉറപ്പാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച്, ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന രോഗികൾക്ക് അവരുടെ ശസ്ത്രക്രിയ വിവരങ്ങൾ അടങ്ങിയ റിസ്റ്റ് ബാൻഡ് നിർബന്ധമായും നൽകണം. ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം ഓപ്പറേഷന് മുൻപ് കൃത്യമായി അടയാളപ്പെടുത്തുകയും വേണം. ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെയും നിർമാർജനം ചെയ്യുന്ന വസ്തുക്കളുടെയും കണക്കുകൾ കൃത്യമായി രേഖപ്പെടുത്തി ഓപ്പറേഷൻ തിയേറ്ററിലെ വൈറ്റ് ബോർഡിൽ പ്രദർശിപ്പിക്കേണ്ടതുമാണ്.
ശസ്ത്രക്രിയയ്ക്ക് മുൻപായി പൂർത്തിയാക്കേണ്ട രേഖകളുടെ കാര്യത്തിലും മാർഗ്ഗരേഖയിൽ വ്യക്തത വരുത്തിയിട്ടുണ്ട്. രോഗിയുടെ കേസ് റെക്കോർഡ് ഓപ്പറേഷന് മുൻപ് പൂർത്തിയായിരിക്കണം. ഓപ്പറേറ്റീവ് ലിസ്റ്റിൽ വാർഡ് ഡോക്ടറും നഴ്സിംഗ് ഇൻചാർജും കൃത്യമായ പരിശോധന നടത്തിയ ശേഷം ഒപ്പ് രേഖപ്പെടുത്തണം. സംസ്ഥാനത്തെ മെഡിക്കൽ സർവീസിൽ സുതാര്യത ഉറപ്പാക്കാനും രോഗികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ഈ നടപടികൾ സഹായകമാകുമെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു.