ന്യൂഡൽഹി: ശബരിമലയിലെ സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുൻപ് നിലപാടെടുത്ത വി ഡി സതീശൻ മുഖ്യമന്ത്രിയായ ശേഷം ഇക്കാര്യത്തിൽ മൗനം പാലിക്കുന്നത് ദുരൂഹമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു. സിബിഐ അന്വേഷണം നടന്നാൽ സ്വർണക്കൊള്ളയിലെ മുഖ്യസൂത്രധാരൻ ഉണ്ണികൃഷ്ണൻ പോറ്റിയുമായി മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി നടത്തിയ കൂടിക്കാഴ്ചകളുടെ രഹസ്യം പുറത്തുവരുമെന്ന് മുഖ്യമന്ത്രി ഭയപ്പെടുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ജനങ്ങളെ വഞ്ചിക്കുന്നതിലും വ്യാജവാഗ്ദാനങ്ങൾ നൽകുന്നതിലും കോൺഗ്രസും സിപിഎമ്മും ഒറ്റക്കെട്ടാണെന്നും, ഇവർ രണ്ടാണെന്ന വാദം തെറ്റാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞതുകൊണ്ട് ശബരിമലയിലെ സ്വർണക്കൊള്ളയും അയ്യപ്പവിശ്വാസികൾക്കെതിരായ നീതിനിഷേധങ്ങളും ചർച്ചാവിഷയമാകില്ലെന്ന് മുഖ്യമന്ത്രി കരുതുന്നുണ്ടെങ്കിൽ അത് തെറ്റാണ്. ആചാരലംഘനങ്ങൾ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് അയ്യപ്പഭക്തരെ വേദനിപ്പിച്ചിട്ടുണ്ടെന്നും, അക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല സ്വർണക്കൊള്ളയിൽ ഉടനടി സിബിഐ അന്വേഷണം പ്രഖ്യാപിക്കുക, ഇതിന് കൂട്ടുനിന്ന രാഷ്ട്രീയ നേതാക്കളെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക, ആചാര സംരക്ഷണ സമരത്തിൽ പങ്കെടുത്ത ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ അംഗീകരിക്കും വരെ ബിജെപി ശക്തമായ നിലപാടുമായി മുന്നോട്ട് പോകുമെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതുവരെ തങ്ങൾ വിശ്രമമില്ലാതെ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.