സാവോ പോളോ: പോക്കര് ടൂര്‍ണമെന്റില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് ഉയർന്ന വിമർശനങ്ങൾക്ക് മൈതാനത്തുള്ള തകർപ്പൻ പ്രകടനത്തിലൂടെ മറുപടി നൽകി ബ്രസീലിയൻ സൂപ്പർതാരം നെയ്മർ. ബ്രസീലിയൻ സീരി എയിൽ ചാപെക്കോൻസെയ്ക്കെതിരായ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയാണ് താരം വിമർശകരുടെ വായടപ്പിച്ചത്. ലോകകപ്പിന് ശേഷമുള്ള നെയ്മറിന്റെ ആദ്യ മത്സരമായിരുന്നു ഇത്.
സാന്റോസിനായി 36-ാം മിനിറ്റിലും 89-ാം മിനിറ്റിലും ഗോൾ നേടിയ നെയ്മറിന്റെ മികവിൽ മത്സരം 2-2 എന്ന നിലയിൽ സമനിലയിൽ പിരിയുകയായിരുന്നു. രണ്ടാം ഗോൾ നേടിയതിന് പിന്നാലെ കാർഡുകൾ വിതരണം ചെയ്യുന്ന രീതിയിലുള്ള ഗോൾ ആഘോഷം നടത്തി നെയ്മർ വിമർശകരെ പരിഹസിക്കുകയും ചെയ്തു. കോപ സുഡാമേരിക്കാനയിൽ യൂണിവേഴ്സിഡാഡ് സെൻട്രലിനെതിരായ മത്സരത്തിൽ നെയ്മർ കളിക്കാതിരുന്നപ്പോൾ ബിഎസ്ഒപി വിന്റർ പോക്കർ ടൂർണമെന്റിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
താൻ ടീമിനെ ഉപേക്ഷിച്ച് പോക്കർ കളിക്കാൻ പോയെന്ന രീതിയിലുള്ള പ്രചാരണങ്ങൾ തെറ്റാണെന്ന് ക്ലബ് അധികൃതരും താരവും പിന്നീട് വ്യക്തമാക്കി. പരിശീലകനായ കുക്ക താരത്തിന്റെ ഫിറ്റ്നസ് പരിഗണിച്ച് അനുവദിച്ച അവധിയിലായിരുന്നു നെയ്മർ. ‘ജീവിതം ഒരു തമാശയാണ്’ എന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ച താരം, രാവിലെ കൃത്യമായി പരിശീലനം നടത്തിയ ശേഷമാണ് വിശ്രമത്തിന് സമയം കണ്ടെത്തിയതെന്നും വ്യക്തമാക്കിയിരുന്നു. വിമർശനങ്ങൾക്കിടയിലും കളിക്കളത്തിൽ മികവ് കാട്ടി മറുപടി നൽകിയതോടെ ബ്രസീലിയൻ സൂപ്പർതാരത്തിന്റെ പ്രകടനം വീണ്ടും ശ്രദ്ധനേടിയിരിക്കുകയാണ്.