പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യ് ശേഖരണത്തിലും വിനിയോഗത്തിലും സുതാര്യത ഉറപ്പാക്കാൻ പുതിയ സംവിധാനമൊരുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. നിലവിലുള്ള ഇരുമ്പ് സംഭരണ ടാങ്കുകൾക്ക് പകരം അത്യാധുനിക നിലവാരത്തിലുള്ള സ്റ്റെയിൻലെസ് സ്റ്റീൽ ടാങ്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. നെയ്യിന്റെ അളവ് കൃത്യമായി രേഖപ്പെടുത്തുന്നതിന് ഇൻഡക്സ് മീറ്ററുകളും, പുറത്തുനിന്നുതന്നെ സംഭരണത്തിന്റെ തോത് പരിശോധിക്കാൻ സാധിക്കുന്ന സാങ്കേതിക സംവിധാനങ്ങളും ഈ ടാങ്കുകളിൽ ക്രമീകരിക്കും.
ഭക്തർ സമർപ്പിക്കുന്ന നെയ്യിന്റെ വരവും വിവിധ ആവശ്യങ്ങൾക്കായി നടത്തുന്ന വിനിയോഗവും കൃത്യമായി രേഖപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ക്ഷേത്രത്തിൽ ലഭിക്കുന്ന നെയ്യിന്റെ അളവും അത് ഏതെല്ലാം ആവശ്യങ്ങൾക്കായി വിനിയോഗിക്കുന്നു എന്നതിന്റെ കണക്കുകൾ സുതാര്യമാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. നെയ്യ് സംഭരണവും വിതരണവും കൂടുതൽ കാര്യക്ഷമമാക്കാൻ ഈ പരിഷ്കാരം സഹായിക്കുമെന്നാണ് വിലയിരുത്തൽ.
മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് പ്രതിദിനം ഏകദേശം ആയിരം ലിറ്ററോളം നെയ്യാണ് ഭക്തർ സമർപ്പിക്കുന്നത്. അയ്യപ്പഭക്തരുടെ ഇരുമുടിക്കെട്ടിലെ നെയ്തേങ്ങയിൽ നിന്ന് ശേഖരിക്കുന്ന നെയ്യ്, ശ്രീകോവിലിലെ അഭിഷേകത്തിന് ശേഷം നെയ്തോണികളിലേക്ക് മാറ്റുകയാണ് പതിവ്. തുടർന്ന് വലിയ സംഭരണ ടാങ്കുകളിലെത്തിച്ച് യന്ത്രസഹായത്തോടെ ചൂടാക്കി ശുദ്ധീകരിക്കുന്നു. ഈ നെയ്യ് ക്ഷേത്രത്തിലെ പൂജകൾക്കും, നെയ്വിളക്കുകൾക്കും, പ്രസാദ നിർമ്മാണത്തിനും, തിടപ്പള്ളിയിലെ പാചകത്തിനും ഉപയോഗിക്കുന്നുണ്ട്. കൂടാതെ, ആടിയശിഷ്ടം നെയ്യ് എന്ന പേരിൽ ഭക്തർക്ക് പ്രസാദമായും ഇത് വിതരണം ചെയ്യുന്നു. പുതിയ സംഭരണ സംവിധാനം നിലവിൽ വരുന്നതോടെ നെയ്യിന്റെ ഉപയോഗവും വിതരണവും സംബന്ധിച്ച വിവരങ്ങൾ കൂടുതൽ കൃത്യമായി കൈകാര്യം ചെയ്യാൻ സാധിക്കും.