തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ മലയോര മേഖലകളില്‍ വ്യാപക നാശനഷ്ടം. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഉരുള്‍പൊട്ടലുണ്ടായി. ഇടുക്കി കുടയത്തൂര്‍ അടൂര്‍മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കുടയത്തൂര്‍ ഏഴാം വാര്‍ഡിലെ സുമതി മരിച്ചു. ഒരു വീട് പൂര്‍ണമായും മണ്ണിനടിയിലായ സംഭവത്തില്‍ രണ്ടുപേരെ രക്ഷപ്പെടുത്തി. ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. കൊക്കയാര്‍ ചപ്പാത്ത് വെള്ളത്തിലായതിനൊപ്പം, ഉപ്പുതറയില്‍ പൊലീസ് ജീപ്പിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണെങ്കിലും ഉദ്യോഗസ്ഥര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഏലപ്പാറ ചെമ്മണ്ണിലും വാഗമണ്‍ കോലാഹലമേട്ടിലും വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
കോട്ടയം ജില്ലയിലും ശക്തമായ മഴ വലിയ ദുരിതം വിതച്ചു. മൂന്നിലവില്‍ ഉരുള്‍പൊട്ടലുണ്ടായതിനെത്തുടര്‍ന്ന് പാലാ കെ.എസ്.ആര്.ടി.സി ഡിപ്പോയിലെ ഡ്രൈവര്‍ രാജേഷിന്റെ വീട് പൂര്‍ണമായും ഒലിച്ചുപോയി. മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ വിവിധ ഭാഗങ്ങളിലും ഉരുള്‍പൊട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ദുരിതം കണക്കിലെടുത്ത് ആറിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനൊപ്പം കെ.കെ. റോഡിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ടും രൂപപ്പെട്ടു.
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. കോട്ടയം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ്. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരളം വരെ നീളുന്ന ന്യൂനമര്‍ദ്ദപാത്തിയാണ് മഴ ശക്തമാകാന്‍ കാരണം. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണമെന്നും കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുമെന്നും അധികൃതര്‍ അറിയിച്ചു.