കോട്ടയം: സി.എം.ആർ.എൽ- എക്സാലോജിക്ക് മാസപ്പടിക്കേസിൽ നിയമനടപടികൾ ശക്തമാക്കി ബിജെപി ഉപാധ്യക്ഷൻ ഷോൺ ജോർജ്. വീണ വിജയന്റെ വിദേശ അക്കൗണ്ടുകൾ വിശദമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) ഷോൺ ജോർജ് ഔദ്യോഗികമായി കത്തയച്ചു. എക്സാലോജിക്കിന്റെ യുഎഇയിലെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. നേരത്തെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് (എസ്എഫ്ഐഒ) നൽകിയ പരാതിയുടെ വിശദാംശങ്ങളും കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സി.എം.ആർ.എല്ലിൽ നിന്നും ലഭിച്ച തുക വീണ വിദേശ അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് ഷോൺ ജോർജിന്റെ ആരോപണം. യുഎഇയിലെ മീഡിയ സിറ്റിയിൽ പ്രവർത്തിക്കുന്ന അബുദാബി കൊമേഴ്സ്യൽ ബാങ്കിന്റെ ശാഖ വഴിയാണ് ഇടപാടുകൾ നടന്നതെന്ന് കത്തിൽ വ്യക്തമാക്കുന്നു. വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് എന്ന കമ്പനിയുടെ പേരിലായിരുന്നു ഈ അക്കൗണ്ട് പ്രവർത്തിച്ചിരുന്നത്. 2016 മുതൽ 2019 വരെയുള്ള കാലയളവിൽ വീണയും മുൻ ഭർത്താവ് സുനീഷ് എം. എന്നിവർ ചേർന്നാണ് ഈ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നതെന്നും കത്തിൽ പരാമർശിക്കുന്നു.
എസ്എൻസി ലാവ്ലിൻ, പ്രൈസ് വാട്ടർ കൂപ്പേഴ്സ് തുടങ്ങിയ കമ്പനികളിൽ നിന്നും ദുബായ് ബാങ്കിലേക്ക് പണമിടപാടുകൾ നടന്നിട്ടുണ്ടെന്നും, ഇതിൽ നിന്ന് യുഎസിലെ ബാങ്കുകളിലേക്ക് പണം മാറ്റിയതായും ഷോൺ ജോർജ് കത്തിലൂടെ ആരോപിക്കുന്നു. കേസിൽ അന്വേഷണം ആവശ്യപ്പെട്ട് 2024 മെയ് 27-ന് എസ്എഫ്ഐഒയ്ക്ക് ഷോൺ ജോർജ് നൽകിയ പരാതിയുടെ തുടർച്ചയായാണ് ഇപ്പോൾ ഇഡിക്ക് കത്തയച്ചിരിക്കുന്നത്. വിഷയത്തിൽ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്ന നിലപാടിലാണ് അദ്ദേഹം ഉറച്ചുനിൽക്കുന്നത്.