തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ട് മകൾ വീണയ്ക്കെതിരെ നിർണായക തെളിവുകൾ ലഭിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറിയിച്ചു. വീണയെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കാനുള്ള നടപടികൾ അന്വേഷണ സംഘം വേഗത്തിലാക്കി. ഇതുമായി ബന്ധപ്പെട്ട സമൻസ് അയക്കുന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമുണ്ടാകുമെന്ന് സൂചനയുണ്ട്.
വീണയുടെ വിദേശ ബാങ്ക് അക്കൗണ്ടുകളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. 2019-ൽ പ്രവർത്തനം അവസാനിപ്പിച്ച അബുദാബി കൊമേഴ്സ്യൽ ബാങ്ക് അക്കൗണ്ടാണ് അന്വേഷണ പരിധിയിലുള്ളത്. ഇതിനുപുറമെ, സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയുടെ വസതിയിൽ നിന്നും കണ്ടെടുക്കപ്പെട്ട ഡയറിയിലെ വിവരങ്ങൾ അടിസ്ഥാനമാക്കി മറ്റ് വ്യക്തികളെക്കുറിച്ചും ഏജൻസി തെളിവ് ശേഖരണം ആരംഭിച്ചിട്ടുണ്ട്.
കരിമണൽ കമ്പനിയിൽ നിന്നും വീണയ്ക്ക് ഏകദേശം 2.78 കോടി രൂപ ലഭിച്ചതായാണ് പ്രാഥമിക കണ്ടെത്തൽ. പ്രതിമാസം അഞ്ച് ലക്ഷം രൂപ വീണയുടെ അക്കൗണ്ടിലേക്കും മൂന്ന് ലക്ഷം രൂപ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയുടെ അക്കൗണ്ടിലേക്കുമാണ് കൈമാറിയിരുന്നത്. പിണറായി വിജയൻ മുഖ്യമന്ത്രിയായതിന് ശേഷം 2017 ജനുവരി മുതൽ 2020 ജൂൺ വരെയുള്ള കാലയളവിലാണ് ഈ പണമിടപാടുകൾ നടന്നത്. 2019-ൽ സി.എം.ആർ.എല്ലിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 1.72 കോടി രൂപ വീണയ്ക്ക് നൽകിയതായി കണ്ടെത്തിയിരുന്നു. എന്നാൽ, ആ റെയ്ഡിന് ശേഷവും കമ്പനിയിൽ നിന്ന് വീണയുടെ അക്കൗണ്ടിലേക്ക് പണം എത്തിയിരുന്നതായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) നേരത്തെ വ്യക്തമാക്കിയിരുന്നു. സി.എം.ആർ.എൽ മാത്രമാണ് എക്സാലോജിക്കിന്റെ പ്രധാന വരുമാന മാർഗവും ഉപഭോക്താവും എന്നതും അന്വേഷണത്തിൽ നിർണായകമാണ്.