ബെയ്റൂത്ത്: ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കി. നൂറോളം കേന്ദ്രങ്ങളിൽ നടന്ന ആക്രമണത്തിൽ ഇതുവരെ 89 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 700-ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ബെയ്റൂത്ത് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ബോംബാക്രമണം നടന്നു. ടയർ നഗരത്തിലെ ജനവാസ മേഖലയിലെ ബഹുനില കെട്ടിടങ്ങൾ തകർന്നു. ഇസ്രായേൽ ആക്രമണത്തിന് തിരിച്ചടിയായി ഹിസ്ബുള്ള വടക്കൻ ഇസ്രായേലിലെ വിവിധ കേന്ദ്രങ്ങളിലേക്ക് റോക്കറ്റ്-മിസൈൽ ആക്രമണങ്ങൾ തുടർന്നു.
ഇതിനിടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ ഗതാഗതം ഇറാൻ തടഞ്ഞു. യുഎസും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ധാരണകൾ പാളുന്നുവെന്ന സൂചനയാണ് ഇത് നൽകുന്നത്. വെടിനിർത്തൽ കരാറിലെ പ്രധാന നിബന്ധന പ്രകാരം കപ്പലുകൾക്ക് സുരക്ഷിത പാത ഒരുക്കണമെന്നായിരുന്നു ധാരണ. ഇന്ന് രാവിലെ രണ്ട് ടാങ്കറുകളെ കടത്തിവിട്ട ശേഷം മറ്റുള്ളവയെ ഇറാൻ തടഞ്ഞു. ഇസ്രായേലിന്റെ പ്രകോപനമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ഇറാനിയൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. മേഖലയിലെ സമാധാനശ്രമങ്ങൾ പൂർണ്ണമായും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ ഇസ്രായേൽ ആക്രമണത്തെ ശക്തമായി അപലപിച്ചു. ലെബനനിലെ ആശുപത്രികൾ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞ അവസ്ഥയിലാണ്. ആക്രമണത്തിന്റെ ആഘാതം വിലയിരുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.