ലഖ്നൗ: രാഹുൽ ഗാന്ധിക്കെതിരായ ഇരട്ടപ്പൗരത്വ ആരോപണ ഹർജി പരിഗണിക്കുന്നതിൽ നിന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുഭാഷ് വിദ്യാർഥി പിന്മാറി. കോടതിയെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന് രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ജഡ്ജിയുടെ ഈ നടപടി. ഹർജിക്കാരനായ ബി.ജെ.പി നേതാവിൻ്റെ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളാണ് ജഡ്ജിയെ ചൊടിപ്പിച്ചത്.
ഹർജിക്കാരനായ ബി.ജെ.പി നേതാവ് വിഘ്നേശ് ശിശിർ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ പ്രസ്താവനകൾ കോടതിയുടെ അന്തസ്സിനെ ബാധിക്കുന്നതാണെന്ന് ജസ്റ്റിസ് സുഭാഷ് വിദ്യാർഥി വ്യക്തമാക്കി. ജഡ്ജി പിന്മാറിയ സാഹചര്യത്തിൽ ഈ ഹർജി ഇനി പുതിയ ബെഞ്ച് പരിഗണിക്കും. രാഹുൽ ഗാന്ധിയുടെ ഭാഗം കൂടി കേട്ട ശേഷമായിരിക്കും ഹർജിയിലെ തുടർനടപടികൾ തീരുമാനിക്കുക. കോടതിയെ ശരിയായ നിയമവശങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ അഭിഭാഷകർ പരാജയപ്പെട്ടുവെന്നും, ഈ കേസിൽ യു.പി. സർക്കാരിൻ്റെ അഭിഭാഷകനിൽ നിന്നോ ഡെപ്യൂട്ടി സോളിസിറ്റർ ജനറലിൽ നിന്നോ ആവശ്യമായ നിയമസഹായം ലഭിച്ചില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഉത്തരവ് കഴിഞ്ഞ ദിവസം അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് താൽക്കാലികമായി തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ ഹർജിക്കാരൻ്റെ നടപടികളെ വിമർശിച്ച് ജഡ്ജി പിന്മാറിയത്. കോടതിയെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാനുള്ള വേദിയാക്കി മാറ്റാനുള്ള ശ്രമങ്ങളെയാണ് ഹൈക്കോടതി ശക്തമായി അപലപിച്ചത്.