തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ ഖേൽക്കറെ നിയമിച്ചതിനെതിരെ വിമർശനവുമായി ബിജെപി നേതാവ് വി. മുരളീധരൻ രംഗത്ത്. കേരളത്തിലെ മുൻ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിക്കാൻ തീരുമാനിച്ചത് ദുരൂഹമാണെന്ന് അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബംഗാളിൽ മുൻ തിരഞ്ഞെടുപ്പ് കമ്മീഷണറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചപ്പോൾ, അത് തിരഞ്ഞെടുപ്പ് അട്ടിമറിയുടെ പ്രതിഫലമാണെന്ന് വിമർശിച്ച രാഹുൽ ഗാന്ധിയുടെ നിലപാടിനെ വി. മുരളീധരൻ പരിഹസിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിനെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചതിനാലാണോ രത്തൻ ഖേൽക്കർക്ക് ഈ പദവി നൽകിയതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കണം. തിരഞ്ഞെടുപ്പിന് മുൻപ് നൂറ് സീറ്റുകൾ യുഡിഎഫിന് ലഭിക്കുമെന്ന് വി. ഡി. സതീശൻ ഉറപ്പിച്ചു പറഞ്ഞത് തിരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള ഏതെങ്കിലും തരത്തിലുള്ള ഡീലിന്റെ ഭാഗമായിരുന്നോ എന്നും അദ്ദേഹം സംശയം ഉന്നയിച്ചു.
രത്തൻ ഖേൽക്കറുടെ നിയമനത്തിൽ അസ്വാഭാവികതയില്ലെങ്കിൽ, ബംഗാളിലെ വിഷയത്തിൽ രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതൃത്വവും ബിജെപി സർക്കാരിനോട് മാപ്പ് പറയാൻ തയ്യാറാകണമെന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിലെ പല നിയമനങ്ങളും തിരഞ്ഞെടുപ്പ് കാലത്ത് ലഭിച്ച സഹായങ്ങൾക്കുള്ള പ്രത്യുപകാരമാണെന്ന തരത്തിൽ തലസ്ഥാനത്ത് വ്യാപകമായ ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.