ഇസ്ലാമാബാദ്: ഇറാനും അമേരിക്കയും തമ്മിലുള്ള താത്കാലിക വെടിനിർത്തൽ നാളെ അവസാനിക്കാനിരിക്കെ, ഇസ്ലാമാബാദിൽ നടക്കേണ്ട സമാധാന ചർച്ചകളിൽ കടുത്ത അനിശ്ചിതത്വം നിലനിൽക്കുന്നു. ഭീഷണിയുടെ നിഴലിൽ ചർച്ചക്ക് തയ്യാറല്ലെന്ന നിലപാടിലാണ് ഇറാൻ. ഇന്ത്യൻ സമയം നാളെ രാവിലെ 5:30-നാണ് നിലവിലെ വെടിനിർത്തൽ അവസാനിക്കുന്നത്. ചർച്ചകളിൽ പങ്കെടുക്കാനായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് പാക്കിസ്ഥാനിലെത്തും. എന്നാൽ അമേരിക്കയുടെ പുതിയ നീക്കങ്ങളോടെ ഇറാൻ പ്രതിനിധികൾ ചർച്ചക്ക് എത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
കഴിഞ്ഞ ഞായറാഴ്ച ഇറാനിയൻ ചരക്കുകപ്പലായ ‘ടോസ്ക’ അമേരിക്കൻ സൈന്യം പിടിച്ചെടുത്തതാണ് സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയായത്. ഹോർമുസ് കടലിടുക്കിൽ യു.എസ് ഏർപ്പെടുത്തിയ വിലക്ക് മറികടക്കാൻ ശ്രമിച്ചതിനാണ് കപ്പൽ പിടിച്ചെടുത്തതെന്ന് അമേരിക്കൻ സൈന്യം വ്യക്തമാക്കി. ഇത് യു.എസ് നാവികസേന പിടിച്ചെടുക്കുന്ന ആദ്യത്തെ ഇറാൻ കപ്പലാണ്. ഹോർമുസിലെ അമേരിക്കൻ നാവിക ഉപരോധം പിൻവലിക്കാൻ പാക്കിസ്ഥാൻ മധ്യസ്ഥ ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇറാൻ ഇതുവരെ വഴങ്ങിയിട്ടില്ല. നാവിക ഉപരോധം ആരംഭിച്ചതിന് ശേഷം ഒരാഴ്ചയ്ക്കുള്ളിൽ 27 ചരക്കുകപ്പലുകളെ അമേരിക്കൻ സൈന്യം ഇറാൻ തുറമുഖങ്ങളിലേക്ക് തിരിച്ചയച്ചിരുന്നു.
അതേസമയം, രാജ്യാന്തര സമുദ്രപാതയായ ഹോർമുസ് കടലിടുക്ക് അടിയന്തരമായി തുറക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ആവശ്യപ്പെട്ടു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായുള്ള ഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക വലിയ വിജയത്തിലേക്ക് നീങ്ങുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ശത്രുക്കളും മാധ്യമ റിപ്പോർട്ടുകൾ കണ്ട് ആശയക്കുഴപ്പത്തിലാണെന്നും എന്നാൽ കാര്യങ്ങളെല്ലാം നന്നായി പോകുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാനുമായുള്ള സൈനിക നടപടിക്ക് പിന്നിൽ ഇസ്രായേൽ ആണെന്ന റിപ്പോർട്ടുകൾ ട്രംപ് പൂർണ്ണമായും തള്ളി. ഇറാനെ ആണവായുധങ്ങൾ നിർമ്മിക്കാൻ അനുവദിക്കില്ലെന്ന നിലപാടാണ് ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.