തിരുവനന്തപുരം: ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് പ്രഖ്യാപിച്ച സംഭവത്തിൽ വൻ തട്ടിപ്പ് നടന്നതായി കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട്. അർജന്റീന ഫുട്ബോൾ അസോസിയേഷന് (AFA) 126 കോടി രൂപ നൽകിയെന്ന അവകാശവാദത്തിന് യാതൊരു തെളിവുമില്ലെന്നും, സൗഹൃദ മത്സരം പ്രഖ്യാപിച്ചത് അർജന്റീന ടീമിന്റെ അറിവോടെയല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മത്സരം സംബന്ധിച്ച കരാറുകൾക്കോ മറ്റ് ഔദ്യോഗിക രേഖകൾക്കോ യാതൊരു ആധികാരികതയുമില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കളമശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഗോട്ട് ആൻഡ് ഗ്ലോബൽ’ എന്ന സ്ഥാപനമാണ് മെസ്സിയെയും സംഘത്തെയും കേരളത്തിലെത്തിക്കാമെന്ന് സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചത്. ഫിഫയുടെ രജിസ്ട്രേഷനോ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ അനുമതിയോ ഈ പദ്ധതിക്ക് ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കായിക വകുപ്പിന്റെയും ധനവകുപ്പിന്റെയും നിയമപരമായ അനുമതികൾ വാങ്ങാതെയായിരുന്നു മുന്നോട്ടുപോക്ക്. കൂടാതെ, കൊച്ചി കലൂർ സ്റ്റേഡിയം കൈമാറിയതിൽ വലിയ വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. ഇൻഷുറൻസോ ബാങ്ക് ഗ്യാരണ്ടിയോ ഇല്ലാതെ സ്റ്റേഡിയം വിട്ടുനൽകിയത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. മുൻ കായിക മന്ത്രിയുടെ ഇടപെടലുകളിൽ ചട്ടലംഘനം നടന്നതായും അന്വേഷണത്തിൽ പരാമർശമുണ്ട്.
സംഭവത്തിൽ നടന്ന സാമ്പത്തിക ഇടപാടുകളുടെ സുതാര്യതയിൽ വലിയ സംശയങ്ങളാണ് ഉയർന്നിരിക്കുന്നത്. വിദേശ നാണയ വിനിമയ നിയന്ത്രണ ചട്ടങ്ങളുടെ (FCRA) ലംഘനം നടന്നിട്ടുണ്ടോ എന്നും, പണം എവിടെ നിന്ന് വന്നു, എങ്ങോട്ട് പോയി എന്നതുൾപ്പെടെയുള്ള കാര്യങ്ങളിലും സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നാണ് റിപ്പോർട്ടിലെ ശുപാർശ. അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശനമായ നടപടി വേണമെന്നും വിശദമായ അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.