തിരുവനന്തപുരം: മുൻ മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ എന്നിവരുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഗൺമാൻമാരെ മാതൃ യൂണിറ്റുകളിലേക്ക് മടക്കിവിളിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. മെയ് 31 വരെ കാലാവധിയുണ്ടായിരുന്ന ഉദ്യോഗസ്ഥരെയാണ് മുൻകൂർ അറിയിപ്പുകളില്ലാതെ അടിയന്തരമായി തിരികെ വിളിച്ചത്. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാകും മുൻപുള്ള ഈ നീക്കം സേനയ്ക്കുള്ളിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.
യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് മുൻ ഭരണകാലത്തെ ജനപ്രതിനിധികളുടെ സുരക്ഷാ ക്രമീകരണങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്. ഉത്തരവ് പ്രകാരം മുൻ മന്ത്രിമാർക്ക് പുറമെ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ എന്നിവരുടെ ഗൺമാൻമാരെയും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ അനിൽകുമാർ സ്ഥാനത്ത് തുടരും. മുൻ മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഈ ഉത്തരവ് ബാധകമാക്കിയിട്ടില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം.
അതേസമയം, നവകേരള സദസ്സിനിടെ കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിലെ പ്രതികളായ ഗൺമാൻമാരെയും സർക്കാർ മടക്കിവിളിച്ചിട്ടുണ്ട്. ആരോപണവിധേയനായ സന്ദീപ് അടക്കമുള്ളവർ പട്ടികയിലുണ്ട്. ഇതിനിടെ, മർദന സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) നടപടികൾ വേഗത്തിലായി. കേസിലെ പരാതിക്കാരായ എം.എൽ.എ എ.ഡി തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസ് എന്നിവരുടെ മൊഴികൾ അന്വേഷണ സംഘം ഉടൻ രേഖപ്പെടുത്തും. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന.