ന്യൂഡല്‍ഹി: കേരള വഖഫ് ബോര്‍ഡ് ‘ഉമീദ്’ പോര്‍ട്ടലില്‍ മുനമ്പം ഭൂമി ഉള്‍പ്പെടുത്തിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രാലയത്തെ സമീപിച്ചു. തര്‍ക്കഭൂമി വഖഫ് രേഖകളില്‍ ഉള്‍പ്പെടുത്തിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജുവിന് നിവേദനം സമര്‍പ്പിച്ചു. നടപടി റദ്ദാക്കി ഭൂമിയിലെ രേഖകള്‍ പഴയ സ്ഥിതിയിലാക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്നാണ് ആവശ്യം.
വഖഫ് ഭൂമി സംബന്ധിച്ച രേഖകള്‍ ഉമീദ് പോര്‍ട്ടലില്‍ രേഖപ്പെടുത്തേണ്ട ഉത്തരവാദിത്തം മുത്താവലിക്കാണ്. എന്നാല്‍ കേരളത്തിലെ വഖഫ് ബോര്‍ഡ് സ്വയം മുത്താവലിയായി മാറി രേഖകള്‍ ഉള്‍പ്പെടുത്തിയത് ഗുരുതരമായ വീഴ്ചയാണെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. വഖഫ് നിയമത്തിലെ 3 ബി വകുപ്പിന്റെ ലംഘനമാണ് വഖഫ് ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ബിജെപി നേതാവ് കേന്ദ്രമന്ത്രിയെ അറിയിച്ചു.
ഉമീദ് നിയമത്തിലെ സെക്ഷന്‍ 96 അടക്കമുള്ള വകുപ്പുകള്‍ പ്രകാരം മുനമ്പം ഭൂമിയുടെ രേഖകള്‍ പോര്‍ട്ടലില്‍ നിന്ന് ഉടന്‍ നീക്കം ചെയ്യണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നുണ്ട്. വഖഫ് നിയമങ്ങളുമായി ബന്ധപ്പെട്ട ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ പ്രതീക്ഷിക്കുന്നതായി ബിജെപി നേതൃത്വം വ്യക്തമാക്കി. മുനമ്പം ഭൂമി വിഷയത്തില്‍ ഉയര്‍ന്നുവരുന്ന നിയമപരമായ ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്രതലത്തില്‍ ശക്തമായ നടപടികള്‍ വേണമെന്ന നിലപാടിലാണ് ബിജെപി.