തിരുവനന്തപുരം: കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ആരാകുമെന്നതിനെക്കുറിച്ചുള്ള രാഷ്ട്രീയ ചർച്ചകളിൽ താൽപ്പര്യമില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. വെള്ളാപ്പള്ളി നടേശൻ നടത്തിയ പരാമർശങ്ങളോടുള്ള പ്രതികരണമായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചർച്ചകളിൽ താൻ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്നും, ഇതുസംബന്ധിച്ച് എന്തുപറയണമെന്നത് വെള്ളാപ്പള്ളിയോട് തന്നെ ചോദിക്കണമെന്നും വേണുഗോപാൽ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത് താനാണെന്നും എന്നാൽ വി.ഡി. സതീശൻ വെറും ‘ടെലിവിഷൻ താരം’ മാത്രമാണെന്നും വെള്ളാപ്പള്ളി നടേശൻ നടത്തിയ പരാമർശങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രമേശ് ചെന്നിത്തലയെ ആർക്കും തഴയാനാവില്ലെന്നും, കോൺഗ്രസിന്റെ ഉന്നത പദവികൾ അലങ്കരിച്ച പരിചയസമ്പന്നനായ നേതാവാണ് ചെന്നിത്തലയെന്നും, കോൺഗ്രസിൽ ജയിച്ചുവരുന്ന ആർക്കും മുഖ്യമന്ത്രിയാകാൻ യോഗ്യതയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
തമിഴ്നാട് തിരഞ്ഞെടുപ്പ് സംബന്ധിച്ചും കെ.സി. വേണുഗോപാൽ പ്രതികരിച്ചു. ഡി.എം.കെ-കോൺഗ്രസ് സഖ്യം വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ത്രീകളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും, അദ്ദേഹത്തിന്റെ രഹസ്യ അജണ്ടകൾ ഇപ്പോൾ പുറത്തുവന്നതായും അദ്ദേഹം വിമർശിച്ചു. അന്തസ്സുണ്ടായിരുന്നെങ്കിൽ പഴയ ബിൽ പാസാക്കുകയായിരുന്നു വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമലയിലെ ഇ.ഡി. അന്വേഷണത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇത്തരം അന്വേഷണങ്ങളെല്ലാം അവസാനിക്കുമെന്ന് താൻ നേരത്തെ പറഞ്ഞിട്ടുള്ളതാണെന്നും, സ്വർണ്ണവും ഉണ്ടാകില്ല, അന്വേഷണവും ഉണ്ടാകില്ലെന്നും അദ്ദേഹം പരിഹസിച്ചു.