ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുൻപേ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി നടക്കുന്ന ചർച്ചകളെ ന്യായീകരിച്ച് കെ. സുധാകരൻ എം.പി. രംഗത്തെത്തി. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചുകൊണ്ടുള്ള സോഷ്യൽ മീഡിയ പ്രചാരണങ്ങൾ വിവാദമായ പശ്ചാത്തലത്തിലാണ് സുധാകരന്റെ പ്രതികരണം. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് മുഖ്യമന്ത്രി ആരാകണമെന്ന ചർച്ചകൾ നടക്കുന്നത് പുതിയ കാര്യമല്ലെന്നും മുൻപും ഇത്തരം രീതികൾ ഉണ്ടായിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു. വ്യക്തികളല്ല, മറിച്ച് പാർട്ടിയാണ് അന്തിമ തീരുമാനമെടുക്കുന്നത്. ഇത്തരം ചർച്ചകൾ നടക്കുന്നത് ജനാധിപത്യപരമായ ഒരു പ്രക്രിയ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോരുത്തർക്കും സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം കോൺഗ്രസിലുണ്ട്. അത് ചോദ്യം ചെയ്യാൻ താൻ മുതിരില്ല. പറയുന്ന കാര്യങ്ങൾ സ്വീകരിക്കുന്നവർക്ക് അത് ചെയ്യാം, അല്ലാത്തവർക്ക് തള്ളിക്കളയാം.
മുഖ്യമന്ത്രി സ്ഥാനാർത്ഥി ചർച്ചകൾ നിർത്തിവെക്കണമെന്ന ലീഗിന്റെയും കെ.പി.സി.സി.യുടെയും നിർദ്ദേശങ്ങൾ നിലനിൽക്കെയാണ് സുധാകരൻ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. ഇത്തരം ചർച്ചകൾ തുടരുന്നത് കോൺഗ്രസിന്റെ രീതിയാണെന്നും അതിൽ അസ്വാഭാവികത ഒന്നുമില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഫലം വരും മുൻപ് ചർച്ചകൾ നടത്തുന്നതിൽ പാർട്ടിക്ക് ക്ഷീണമൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. ഇത്തരം വാർത്തകൾ നൽകുന്ന മാധ്യമങ്ങളെയും അദ്ദേഹം പരോക്ഷമായി വിമർശിച്ചു. കേരളത്തിൽ മുൻപും ഇത്തരം ചർച്ചകൾ നടന്നിട്ടുണ്ടെന്നും ഇതിനെ അത്ഭുതത്തോടെ കാണുന്നവർക്ക് രാഷ്ട്രീയ പാരമ്പര്യം ഇല്ലാത്തതുകൊണ്ടാണെന്നും അദ്ദേഹം പരിഹസിച്ചു.