മുംബൈ: മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയില്‍ അത്യാധുനിക എഞ്ചിനീയറിംഗ് വിസ്മയമൊരുങ്ങുന്നു. അതിവേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിനുകള്‍ തുരങ്കങ്ങളിലേക്ക് പ്രവേശിക്കുമ്പോഴുണ്ടാകുന്ന മര്‍ദ്ദ വ്യതിയാനങ്ങളും ശബ്ദവും കുറയ്ക്കുന്നതിനായി ഇന്ത്യയില്‍ ആദ്യമായി ‘ടണല്‍ ഹുഡ്സ്’ സാങ്കേതികവിദ്യ നടപ്പിലാക്കുന്നു. മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും മലനിരകളിലൂടെ കടന്നുപോകുന്ന എട്ട് തുരങ്കങ്ങളുടെയും പ്രവേശന കവാടങ്ങളിലാണ് ഈ സുരക്ഷാ കവചങ്ങള്‍ സ്ഥാപിക്കുന്നത്.
അതിവേഗ ട്രെയിനുകള്‍ തുരങ്കത്തിലേക്ക് പ്രവേശിക്കുമ്പോള്‍ വായുവിനെ മുന്നോട്ട് തള്ളി വലിയ മര്‍ദ്ദ തരംഗങ്ങള്‍ സൃഷ്ടിക്കുകയും, ട്രെയിന്‍ പുറത്തുകടക്കുമ്പോള്‍ വലിയ ശബ്ദമുണ്ടാകുകയും ചെയ്യുന്നത് പതിവാണ്. ഇതിനൊരു പരിഹാരമായാണ് ടണല്‍ ഹുഡ്സ് പ്രവര്‍ത്തിക്കുന്നത്. ട്രെയിനിനും വായുവിനും സുഗമമായി പരസ്പരം പൊരുത്തപ്പെടാന്‍ ഈ സംവിധാനം സഹായിക്കുന്നു. ഇത് യാത്രക്കാര്‍ക്ക് കൂടുതല്‍ ശാന്തവും സുഖകരവുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനൊപ്പം സമീപവാസികള്‍ക്ക് ഉണ്ടാകാനിടയുള്ള അസ്വസ്ഥതകള്‍ ഒഴിവാക്കാനും സഹായിക്കുന്നു.
ഈ ഹുഡ്സിലുള്ള വെന്റുകൾ അഥവാ ജനാലകളാണ് ഇതിന്റെ പ്രവർത്തനത്തിലെ പ്രധാന ഘടകം. ട്രെയിന്‍ ടണലിലേക്ക് പ്രവേശിക്കുമ്പോള്‍ കംപ്രസ് ചെയ്യപ്പെടുന്ന വായു ഈ ജനാലകളിലൂടെ ക്രമേണ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്നു. ഇത് മര്‍ദ്ദ തരംഗങ്ങളുടെ തീവ്രത ഗണ്യമായി കുറയ്ക്കുകയും ‘ടണല്‍ ബൂം’ എന്നറിയപ്പെടുന്ന ശബ്ദ പ്രതിഭാസത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. മണിക്കൂറില്‍ 300 കിലോമീറ്ററിലധികം വേഗതയുള്ള ലോകോത്തര റെയില്‍വേ സംവിധാനങ്ങളില്‍ മാത്രം കണ്ടുവരുന്ന ഈ സാങ്കേതികവിദ്യ, ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ അന്താരാഷ്ട്ര നിലവാരത്തെയാണ് എടുത്തുകാണിക്കുന്നത്. സുരക്ഷ, യാത്രാ സൗകര്യം, പാരിസ്ഥിതിക കരുതല്‍ എന്നിവയില്‍ വിട്ടുവീഴ്ചയില്ലാത്ത എഞ്ചിനീയറിംഗ് പരിഹാരങ്ങളാണ് ഈ പദ്ധതിയിലുടനീളം ഒരുങ്ങുന്നത്.