കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾ പുതിയ വഴിത്തിരിവിലേക്ക്. പാർട്ടി അധ്യക്ഷ മമത ബാനർജിയുടെ ഏറ്റവും അടുത്ത അനുയായിയും ലോക്സഭയിലെ മുതിർന്ന ടിഎംസി നേതാവുമായ സുദീപ് ബന്ദോപാധ്യായ വിമത ചേരിയിലേക്ക് മാറിയത് ബംഗാൾ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്.
മമത ബാനർജിക്കെതിരായ നീക്കങ്ങൾക്ക് നേതൃത്വം നൽകുന്ന ശതാബ്ദി റോയിക്കൊപ്പമാണ് സുദീപ് ബന്ദോപാധ്യായ ഡൽഹിയിലെത്തി ബിജെപി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്. കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവിന്റെ വസതിയിൽ വെച്ചായിരുന്നു ചർച്ചകൾ. പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഈ നിർണ്ണായക കൂടിക്കാഴ്ചയിൽ പങ്കാളിയായതായാണ് സൂചനകൾ.
നേരത്തെ മമത ബാനർജിയുടെ ഏകപക്ഷീയമായ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് പാർലമെന്റിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ സ്പീക്കറുടെ അനുമതി തേടിയ 19 വിമത എംപിമാരുടെ പട്ടികയിൽ സുദീപ് ബന്ദോപാധ്യായ ഒപ്പുവെച്ചിരുന്നില്ല. എന്നാൽ, രാഷ്ട്രീയ കേന്ദ്രങ്ങളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ഇപ്പോൾ അദ്ദേഹം വിമതർക്കൊപ്പം പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. സുദീപ് ബന്ദോപാധ്യായയുടെ വരവോടെ ലോക്സഭയിൽ മമത ബാനർജിയെ വെല്ലുവിളിക്കുന്ന വിമത എംപിമാരുടെ എണ്ണം 20 ആയി ഉയർന്നു. വരും ദിവസങ്ങളിൽ കൂടുതൽ ജനപ്രതിനിധികളും നേതാക്കളും തൃണമൂൽ ക്യാമ്പ് വിട്ട് പുറത്തുവരുമെന്ന സൂചനയാണ് വിമതപക്ഷം നൽകുന്നത്.