ധാക്ക: ബംഗ്ലാദേശിലെ ഭോല ജില്ലയിലുള്ള ലാൽമോഹൻ ഉപജില്ലയിൽ ഹിന്ദു കുടുംബത്തിന് നേരെ ക്രൂരമായ ആക്രമണം. ഗോപാൽ കൃഷ്ണ ദാസിനും കുടുംബത്തിനും നേരെയാണ് അക്രമികൾ അഴിഞ്ഞാടിയത്. ഭൂമി തർക്കവുമായി ബന്ധപ്പെട്ട കേസിൽ കോടതി കുടുംബത്തിന് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഈ വിധി നിലനിൽക്കെ അക്രമി സംഘം വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നു.
ഗോപാൽ കൃഷ്ണ ദാസിനെയും ഭാര്യ അഖി റാണി ദാസിനെയും മർദിച്ച സംഘം, ഇവരുടെ രണ്ട് പെൺമക്കളെയും ആക്രമിച്ചു. കൂടാതെ, കുടുംബത്തിലെ വയോധികനെ വെള്ളത്തിൽ മുക്കി പീഡിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. അക്രമികൾ വീടിനുള്ളിലെ സാധനസാമഗ്രികൾ പൂർണമായും നശിപ്പിക്കുകയും വിലപിടിപ്പുള്ള വസ്തുക്കൾ കൊള്ളയടിക്കുകയും ചെയ്തു. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാൻ അധികൃതർക്കായിട്ടില്ല.
ഈ വിഷയത്തിൽ പ്രതിപക്ഷമായ ആവാമി ലീഗ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേതൃത്വത്തിലുള്ള നിലവിലെ സർക്കാർ മതന്യൂനപക്ഷങ്ങളെയും ഹിന്ദു കുടുംബങ്ങളെയും സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് പാർട്ടി ആരോപിച്ചു. രാജ്യത്തെ രാഷ്ട്രീയ അസ്ഥിരതയുടെ പശ്ചാത്തലത്തിൽ ന്യൂനപക്ഷങ്ങൾ കൂടുതൽ ആക്രമണങ്ങൾക്ക് ഇരയാവുകയാണെന്നും ആവാമി ലീഗ് വിമർശിച്ചു. കഴിഞ്ഞ വർഷവും ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിനെതിരെ നിരവധി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മതന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും വിവിധ മനുഷ്യാവകാശ സംഘടനകളും ന്യൂനപക്ഷ കൂട്ടായ്മകളും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.