ന്യൂഡൽഹി: പൊതുപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും തടയുന്നതിനായി നടപടികൾ കൂടുതൽ കർശനമാക്കാൻ കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട പൊതുപരീക്ഷകൾ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ, 2026 തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും. കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് ആണ് ബിൽ സഭയിൽ അവതരിപ്പിക്കുന്നത്.
2024-ൽ നിലവിൽ വന്ന ‘പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ആക്ട്’ കൂടുതൽ ഫലപ്രദമാക്കുന്നതിനാണ് പുതിയ ഭേദഗതികൾ ലക്ഷ്യമിടുന്നത്. പൊതുപരീക്ഷകളുടെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കുന്നതിനൊപ്പം, പരീക്ഷാ ക്രമക്കേടുകളിൽ ഏർപ്പെടുന്നവർക്കെതിരെ കൂടുതൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കാനും ബിൽ വ്യവസ്ഥ ചെയ്യുന്നു. വെള്ളിയാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം പരീക്ഷാ തട്ടിപ്പുകൾക്കും ക്രമക്കേടുകൾക്കും എതിരെ ഫാസ്റ്റ് ട്രാക്ക് കോടതികൾ രൂപീകരിക്കുന്നതിനും, കുറ്റക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനുമുള്ള ഭേദഗതി ബില്ലിന് നേരത്തെ അംഗീകാരം നൽകിയിരുന്നു.
പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത വർധിപ്പിക്കാനും വിദ്യാർഥികളുടെ ഭാവി സുരക്ഷിതമാക്കാനുമുള്ള കേന്ദ്ര സർക്കാരിന്റെ തുടർച്ചയായ നടപടികളുടെ ഭാഗമായാണ് പുതിയ നിയമഭേദഗതി കൊണ്ടുവരുന്നത്. പുതിയ നിയമം നിലവിൽ വരുന്നതോടെ പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ തടയുന്നതിനുള്ള നിയമപരമായ അധികാരം കൂടുതൽ ശക്തമാകുമെന്നും, ഇത് പരീക്ഷാ നടത്തിപ്പിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നുമാണ് ഔദ്യോഗിക വൃത്തങ്ങൾ വിലയിരുത്തുന്നത്.