പാകിസ്താൻ:സൗദി അറേബ്യയുടെ സാമ്പത്തിക സഹായം പാകിസ്താന് ലഭിച്ചു. 3 ബില്യൺ ഡോളറിന്റെ ധനസഹായമാണ് സൗദി അറേബ്യയിൽ നിന്ന് പാകിസ്താന് ലഭിക്കുന്നത്. ഇതിൽ 2 ബില്യൺ ഡോളർ ഇതിനോടകം പാകിസ്താന്റെ സ്റ്റേറ്റ് ബാങ്ക് അക്കൗണ്ടിൽ എത്തിച്ചുകഴിഞ്ഞു. ബാക്കി 1 ബില്യൺ ഡോളർ അടുത്ത ആഴ്ചയോടെ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ പാകിസ്താനിൽ സൗദി നടത്തിയിരുന്ന 5 ബില്യൺ ഡോളറിന്റെ നിക്ഷേപം തുടരാനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായിട്ടുണ്ട്.
പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ജിദ്ദയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഈ സഹായം എത്തിയത്. നിലവിൽ പാകിസ്താന്റെ സാമ്പത്തികാവസ്ഥ അങ്ങേയറ്റം ദയനീയമാണ്. ഈ മാസം തന്നെ യു.എ.ഇ-ക്ക് നൽകാനുള്ള 3.5 ബില്യൺ ഡോളറിന്റെ കടം തിരിച്ചടയ്ക്കാൻ പാകിസ്താൻ നെട്ടോട്ടമോടുകയാണ്. ഒരു രാജ്യത്തുനിന്ന് പണം വാങ്ങി മറ്റൊന്നിന്റെ കടം വീട്ടേണ്ട ഗതികേടിലാണ് പാകിസ്താൻ എന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
രാജ്യാന്തര നാണയ നിധിയുമായി (IMF) പാകിസ്താൻ ഏർപ്പെട്ടിരിക്കുന്ന 7 ബില്യൺ ഡോളറിന്റെ പദ്ധതി പ്രകാരം, ഈ വരുന്ന ജൂൺ മാസത്തോടെ രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം 18 ബില്യൺ ഡോളറിൽ എത്തിക്കേണ്ടതുണ്ട്. നിലവിൽ ഏകദേശം 16.4 ബില്യൺ ഡോളറാണുള്ളത്. ഈ ലക്ഷ്യം കൈവരിക്കാൻ സൗദിയുടെ സഹായം അത്യന്താപേക്ഷിതമാണ്. സാമ്പത്തിക സഹായത്തിന് പുറമെ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര നീക്കങ്ങളിലും പാകിസ്താൻ സജീവമാണ്. യു.എസ്, ഇറാൻ എന്നീ രാജ്യങ്ങളെ ചർച്ചാ മേശയിലെത്തിക്കാൻ പാകിസ്താൻ ശ്രമിക്കുന്നതായും വിവരമുണ്ട്. നേരത്തെ 2018-ലും സൗദി അറേബ്യ പാകിസ്താന് സമാനമായ പാക്കേജ് നൽകി സഹായിച്ചിരുന്നു.