നാഗർകോവിൽ: പ്രധാനമന്ത്രിയുടെ റോഡ് ഷോ ഇന്ന്; അര ലക്ഷത്തോളം പേർ അണിനിരക്കും
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നാഗർകോവിലിൽ എത്തുന്നു. ബിജെപി-എഐഎഡിഎംകെ സഖ്യത്തിന്റെ പ്രചാരണാർത്ഥം സംഘടിപ്പിക്കുന്ന റോഡ് ഷോയിൽ അര ലക്ഷത്തോളം പ്രവർത്തകർ പങ്കെടുക്കുമെന്ന് എൻഡിഎ നേതാക്കൾ അറിയിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് നഗരത്തെ ഇളക്കിമറിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്.
വൈകുന്നേരം 3 മണിയോടെ വേപ്പുമൂട് കാമരാജ് പ്രതിമ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് വടശ്ശേരി എം.ജി.ആർ പ്രതിമ ജംഗ്ഷൻ വരെ ഒരു കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ നടക്കുക. തുടർന്ന് എം.ജി.ആർ പ്രതിമയിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തും. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്റർ മാർഗ്ഗം നാഗർകോവിൽ മരുവൻകുടിയിരിപ്പിലെ എആർ ക്യാമ്പ് മൈതാനത്താകും പ്രധാനമന്ത്രി ഇറങ്ങുക. അവിടെ നിന്ന് റോഡ് മാർഗ്ഗം വേപ്പുമൂട് ജംഗ്ഷനിൽ എത്തും. പരിപാടിക്ക് ശേഷം അദ്ദേഹം തിരുവനന്തപുരത്തേക്ക് തന്നെ മടങ്ങും.
പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് മേഖലയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന പോലീസിനൊപ്പം കേന്ദ്ര സേനയും സുരക്ഷാ നടപടികൾ വിലയിരുത്തി വരുന്നു. റോഡ് ഷോ കടന്നുപോകുന്ന പാതയിലെ കെട്ടിടങ്ങൾ കമാൻഡോകളുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും പൂർണ്ണ നിരീക്ഷണത്തിലായിരിക്കും. നാഗർകോവിൽ ടൗണിലെയും സമീപപ്രദേശങ്ങളിലെയും ഹോട്ടലുകളിലും ലോഡ്ജുകളിലും താമസിക്കുന്നവരുടെ വിവരങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്. നഗരത്തിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു കഴിഞ്ഞു. ടൗണിൽ ഉടനീളം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു.