കൊച്ചി: കത്തോലിക്കാ സഭയുടെ മുഖപത്രമായ ‘ദീപിക’യെ രൂക്ഷമായി വിമർശിച്ച് ഷോൺ ജോർജ് വീണ്ടും രംഗത്ത്. ‘ദീപിക’യെ ഇനി ഒരു ക്രൈസ്തവ മുഖപത്രമായി പരിഗണിക്കാനാവില്ലെന്നും, കഴിഞ്ഞ രണ്ട് മാസമായി കോൺഗ്രസിന്റെ മുഖപത്രമായ ‘വീക്ഷണ’വും ‘ദീപിക’യും ഒരേ ശൈലിയിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പത്രത്തിന്റെ മാനേജ്മെന്റിൽ മാറ്റം വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘ദീപിക’യുടെ മുഖപ്രസംഗം എഴുതി നൽകുന്നത് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലാണെന്ന് ഷോൺ ജോർജ് പരിഹസിച്ചു. നിലവിൽ പത്രത്തിന്റെ മാനേജ്മെന്റ് സ്വകാര്യ വ്യക്തികളാണ് നിയന്ത്രിക്കുന്നതെന്നും, അവർ തങ്ങളുടെ നിക്ഷിപ്ത താൽപ്പര്യങ്ങളും രാഷ്ട്രീയ അജണ്ടകളും പത്രത്തിലൂടെ നടപ്പിലാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തന്റെ വിമർശനം ‘ദീപിക’ എന്ന സ്ഥാപനത്തിന് എതിരെ മാത്രമാണെന്നും സഭയ്ക്കെതിരെയല്ലെന്നും ഷോൺ വ്യക്തമാക്കി. സഭ എന്നത് വിശ്വാസികളും പിതാക്കന്മാരും ഉൾക്കൊള്ളുന്ന ഒരു വികാരമാണെന്നും, എന്നാൽ സഭയുടെ പേരിൽ ഒരു പത്രം വഴി രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാൻ ശ്രമിച്ചാൽ അത് ചോദ്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് സമയത്ത് ക്രിസ്ത്യാനികളുടെ സംരക്ഷകരായി ചമയുന്ന പല രാഷ്ട്രീയ നേതാക്കളും യഥാർത്ഥത്തിൽ സഭയെ സഹായിക്കുന്നവരല്ലെന്നും, സഭയുടെ വിഷയങ്ങളിൽ ആർജ്ജവത്തോടെ ഇടപെടുന്നത് തങ്ങളാണെന്നും ഷോൺ ജോർജ് പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് ചില ബുദ്ധിമുട്ടുകൾ നേരിട്ടെങ്കിലും താനും സഭയുടെ മക്കൾ തന്നെയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ജോസ് കെ. മാണി, മാണി സി. കാപ്പൻ, പി.ജെ. ജോസഫ് തുടങ്ങിയ നേതാക്കൾ സഭ ഒരു പ്രതിസന്ധി നേരിടുമ്പോൾ എവിടെയായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. ‘സഭയുടെ പേരിൽ തിരഞ്ഞെടുപ്പ് കാലത്ത് ചിലർ നടത്തുന്ന പ്രചാരണങ്ങൾ വേദനിപ്പിക്കുന്നതാണ്. സഭയ്ക്ക് വേണ്ടി എന്നും നിലകൊള്ളുന്നത് തങ്ങളാണ്. സഭയുടെ ഉള്ളിൽ കടന്നുകൂടിയ പുഴുക്കുത്തുകളെ വെച്ചുപൊറുപ്പിക്കില്ല’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.