ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനങ്ങളുടെ എൻജിൻ അറ്റകുറ്റപ്പണികൾ ഇനി രാജ്യത്തിനകത്തുതന്നെ നിർവഹിക്കും. അമേരിക്കൻ കമ്പനിയായ ജനറൽ ഇലക്ട്രിക്കും (GE) ഇന്ത്യൻ വ്യോമസേനയും തമ്മിൽ ഇതുസംബന്ധിച്ച ധാരണയിലെത്തി. ഉടൻ തന്നെ ഔദ്യോഗിക കരാറിൽ ഇരുവിഭാഗവും ഒപ്പുവെക്കും. തേജസിൽ ഉപയോഗിക്കുന്ന എഫ്.404-ഐ.എൻ.20 (F404-IN20) എൻജിനുകളുടെ അറ്റകുറ്റപ്പണികൾക്കായി വിദേശ സഹായം തേടുന്നത് ഇതോടെ അവസാനിക്കും. പുതിയ സംവിധാനത്തിന്റെ പൂർണ്ണ ഉടമസ്ഥാവകാശവും നടത്തിപ്പും ഇന്ത്യൻ വ്യോമസേനയുടെ കീഴിലായിരിക്കും.
അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ സാങ്കേതിക സഹായം, ജീവനക്കാർക്കുള്ള വിദഗ്ധ പരിശീലനം, സ്പെയർ പാർട്സുകൾ, യന്ത്രസാമഗ്രികൾ എന്നിവ ജനറൽ ഇലക്ട്രിക് ഉറപ്പാക്കും. ഇത് ഇന്ത്യയും യുഎസും തമ്മിലുള്ള ആദ്യ സൈനിക സാങ്കേതികവിദ്യാ കൈമാറ്റ ധാരണാപത്രമാണ് (MoU). നിലവിൽ വ്യോമസേനയുടെ പക്കൽ 35 തേജസ് വിമാനങ്ങളുണ്ട്. ഇതിനുപുറമെ, വരാനിരിക്കുന്ന 180 തേജസ് മാർക്ക് 1A വിമാനങ്ങളിലും ജി.ഇ (GE) എൻജിനുകളാണ് ഉപയോഗിക്കുന്നത്. ഇവയുടെയെല്ലാം സുഗമമായ പ്രവർത്തനത്തിന് പുതിയ അറ്റകുറ്റപ്പണി കേന്ദ്രം മുതൽക്കൂട്ടാകും.
അതേസമയം, തേജസിന്റെ അടുത്ത പതിപ്പായ എം.കെ.2 (Mk2) വിമാനങ്ങൾക്കായി കൂടുതൽ കരുത്തുറ്റ എഫ്.414 (F414) എൻജിനുകൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നതിനെക്കുറിച്ച് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും (HAL) ജനറൽ ഇലക്ട്രിക്കും തമ്മിൽ ചർച്ചകൾ നടത്തിവരികയാണ്. ഈ കാര്യത്തിൽ വൈകാതെ തന്നെ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ നീക്കം പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ വിദേശാശ്രയത്വം കുറയ്ക്കാനും ‘ആത്മനിർഭർ ഭാരത്’ പദ്ധതിക്ക് കരുത്തേകാനും സഹായിക്കും. പുതിയ കരാർ നിലവിൽ വരുന്നതോടെ വിമാനങ്ങളുടെ പ്രവർത്തനക്ഷമത വർദ്ധിക്കുകയും അറ്റകുറ്റപ്പണികൾക്കായി ചെലവാകുന്ന സമയം ഗണ്യമായി കുറയുകയും ചെയ്യും.