ചെന്നൈ: തമിഴക വെട്രി കഴഗം സ്ഥാപകൻ വിജയ് ഉൾപ്പെടെയുള്ളവർക്ക് മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു. 2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ കുട്ടികളെ ഉപയോഗിച്ചതുൾപ്പെടെയുള്ള അഴിമതി ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് ഹൈക്കോടതി നടപടി. ജസ്റ്റിസുമാരായ ജി ആർ സ്വാമിനാഥൻ, വി ലക്ഷ്മിനാരായണൻ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചിന്റേതാണ് ഉത്തരവ്.
കടലൂർ ജില്ലയിലെ അഭിഭാഷകൻ എൽ വാസുകി സമർപ്പിച്ച ഹർജിയിൽ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ, തമിഴ്നാട് ചീഫ് ഇലക്ടറൽ ഓഫീസർ, ഡിഎംകെ പ്രസിഡന്റ് എം കെ സ്റ്റാലിൻ, എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി എന്നിവർക്കും നോട്ടീസ് അയച്ചിട്ടുണ്ട്. 2026 ഏപ്രിൽ 21-ന് ചെന്നൈയിലെ വൈഎംസിഎ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ, വോട്ട് ചെയ്യാൻ കുട്ടികൾ മാതാപിതാക്കളെ പ്രേരിപ്പിക്കണമെന്ന് വിജയ് ആവശ്യപ്പെട്ടുവെന്ന് ഹർജിയിൽ ആരോപിക്കുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളെ തിരഞ്ഞെടുപ്പ് സ്വാധീനത്തിനായി ഉപകരണങ്ങളായി ഉപയോഗിക്കുന്നത് 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 123 പ്രകാരം അഴിമതിയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ പ്രസംഗത്തിന് പിന്നാലെ വോട്ട് ചെയ്യാൻ മാതാപിതാക്കളെ നിർബന്ധിക്കുന്ന കുട്ടികളുടെ വീഡിയോകളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ അനാവശ്യ സ്വാധീനത്തിന് പുറമെ, സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ വോട്ടർമാർക്ക് പണം വിതരണം ചെയ്തെന്ന ആരോപണങ്ങളും ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്. മൈലാപ്പൂർ, ആലങ്കുളം, തിരുമംഗലം തുടങ്ങിയ മണ്ഡലങ്ങളിൽ വോട്ട് കൈക്കൂലിയായി പണം വിതരണം ചെയ്തതിനെതിരെ വ്യാപകമായ പരാതികളും മാധ്യമ റിപ്പോർട്ടുകളും ഉയർന്നിരുന്നു. ഇത്തരം സംഭവങ്ങളിൽ ഉടൻ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകണമെന്നാണ് ഹർജിക്കാരിയുടെ ആവശ്യം. കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി മെയ് 29-ലേക്ക് മാറ്റി വെച്ചു.