അഴീക്കോട്: ഡ്യൂട്ടി സമയത്ത് മദ്യപിച്ച നിലയിൽ ലൈഫ് ഗാർഡുമാരെ കണ്ടെത്തിയത് തീരദേശ മേഖലയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കി. അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ കൺട്രോൾ റൂമിലാണ് ഉദ്യോഗസ്ഥർ കൃത്യവിലോപം കാട്ടിയത്. തൃശ്ശൂർ ജില്ലയിലെ അഴീക്കോട് മുതൽ ചാവക്കാട് വരെയുള്ള തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തമുള്ള ജീവനക്കാരാണ് മദ്യലഹരിയിൽ ഓഫീസിൽ കാണപ്പെട്ടത്.
ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ലൈഫ് ഗാർഡുമാർ മദ്യപിക്കുന്നതും, അബോധാവസ്ഥയിൽ ഓഫീസിനുള്ളിൽ കിടക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നു. മേശപ്പുറത്ത് കിടന്നുറങ്ങുന്ന ജീവനക്കാരന്റെയും, മേശയ്ക്കുള്ളിൽ സൂക്ഷിച്ച കാലിയായ മദ്യക്കുപ്പികളുടെയും ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് പകർത്തിയ വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
കടലിൽ തൊഴിലാളികൾ അപകടത്തിൽപെട്ടാൽ അടിയന്തരമായി രക്ഷാപ്രവർത്തനത്തിന് എത്തേണ്ടവരാണ് ഇത്തരത്തിൽ ഉത്തരവാദിത്തമില്ലാതെ പെരുമാറിയത്. തീരദേശ സുരക്ഷാ സേനയുടെ ഭാഗമായ ഉദ്യോഗസ്ഥരിൽ നിന്നുണ്ടായ ഈ ഗുരുതര വീഴ്ചയ്ക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം ഉയരുകയാണ്. വിഷയത്തിൽ ഫിഷറീസ് വകുപ്പ് ഉന്നതതല അന്വേഷണം നടത്തുമെന്നാണ് സൂചന.