കോഴിക്കോട്: 2026-27 ഇന്ത്യൻ ഫുട്ബോൾ ലീഗ് സീസണിനായുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി, ബ്രസീലിയൻ പരിശീലകൻ കാർലോസ് എഡ്വാർഡോ പരെയ്രയെ ഗോകുലം കേരള എഫ്സിയുടെ സീനിയർ പുരുഷ ടീം മുഖ്യപരിശീലകനായി നിയമിച്ചു. അന്താരാഷ്ട്ര തലത്തിൽ മികച്ച പരിശീലന പരിചയമുള്ള പരെയ്രയുടെ നിയമനത്തിലൂടെ, വരാനിരിക്കുന്ന സീസണിൽ കിരീടം ലക്ഷ്യമിട്ടാണ് ക്ലബ്ബ് നീക്കങ്ങൾ നടത്തുന്നത്. എഎഫ്സി പ്രൊ ലൈസൻസ് നേടിയിട്ടുള്ള പരെയ്ര, ബ്രസീൽ, ഇന്തോനേഷ്യ, സൗദി അറേബ്യ, തായ്ലൻഡ്, അമേരിക്ക എന്നിവിടങ്ങളിലായി നിരവധി ക്ലബ്ബുകളെ പരിശീലിപ്പിച്ച അനുഭവസമ്പത്തുമായാണ് ചുമതലയേൽക്കുന്നത്.
ബ്രസീലിന്റെ അണ്ടർ-15, അണ്ടർ-17 ദേശീയ ടീമുകളിൽ പ്രവർത്തിച്ച അദ്ദേഹം, ഇന്തോനേഷ്യൻ ക്ലബ്ബായ മദുറ യുണൈറ്റഡിൽ നിന്നാണ് ഗോകുലം കേരളയുടെ പരിശീലകനായി എത്തുന്നത്. ഇതിനുമുമ്പ് ബ്രസീലിലെ ക്ലൂബെ സൊസിയദാഡെ എസ്പോർട്ടിവ ടീമിനെ പരിശീലിപ്പിച്ച അദ്ദേഹം 2025 അലഗോവാസ് കപ്പിലേക്ക് ടീമിനെ നയിച്ചിരുന്നു. സൗദി അറേബ്യയിലെ അൽ-ഖൈസുമ എഫ്സി, തായ്ലൻഡിലെ ചിയാങ്മൈ എഫ്സി, അമേരിക്കയിലെ ലാസ് വെഗാസ് യുണൈറ്റഡ് എഫ്സി എന്നീ ക്ലബ്ബുകളിലും അദ്ദേഹം പരിശീലകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ 2009 ഫിഫ കോൺഫെഡറേഷൻസ് കപ്പിലും 2010 ഫിഫ ലോകകപ്പിലും ദക്ഷിണാഫ്രിക്കൻ ദേശീയ ടീമിന്റെ അസിസ്റ്റന്റ് കോച്ചായും പ്രവർത്തിച്ചിട്ടുണ്ട്.
തന്ത്രപരമായ സമീപനം, ശക്തമായ നേതൃപാടവം, യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിലെ മികവ് എന്നിവയാണ് പരെയ്രയുടെ പ്രധാന സവിശേഷതകളായി വിലയിരുത്തപ്പെടുന്നത്. ബ്രസീൽ അണ്ടർ-15, അണ്ടർ-17 ദേശീയ ടീമുകൾക്കൊപ്പമുള്ള പ്രവർത്തനങ്ങളിലൂടെ ഒട്ടേറെ യുവതാരങ്ങളെ വാർത്തെടുക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചിട്ടുണ്ട്. പരെയ്രയുടെ അന്താരാഷ്ട്ര പരിശീലന പരിചയവും തന്ത്രങ്ങളും ഗോകുലം കേരള എഫ്സിയുടെ പുതിയ സീസണിലെ കിരീട സ്വപ്നങ്ങൾക്ക് കരുത്താകുമെന്നാണ് ക്ലബ്ബ് മാനേജ്മെന്റിന്റെ പ്രതീക്ഷ.