പാരീസ്: 2026 ഫിഫ ലോകകപ്പിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തതിന് പിന്നാലെ ദേശീയ ടീമിൽ സമഗ്ര മാറ്റങ്ങളുമായി ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ (എഫ്.എഫ്.എഫ്). പുതിയ പുരുഷ ടീം പരിശീലകനെ നിയമിച്ചതിന് പിന്നാലെ ഫ്രാൻസ് ദേശീയ ടീമിനായി പുതിയ ഔദ്യോഗിക ക്രെസ്റ്റ് (ലോഗോ) ഫെഡറേഷൻ പുറത്തിറക്കി. ഫെഡറേഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയുമാണ് പുതിയ ലോഗോ ആരാധകർക്ക് മുൻപിൽ അവതരിപ്പിച്ചത്.
ഫ്രാൻസിന്റെ പരമ്പരാഗത ചിഹ്നമായ റൂസ്റ്റർ (കോഴി) തന്നെയാണ് പുതിയ ലോഗോയുടെയും പ്രധാന ആകർഷണം. എന്നാൽ കൂടുതൽ ആധുനികവും ആക്രമണോത്സുകവുമായ ശൈലിയിലാണ് ഇത്തവണത്തെ രൂപകൽപ്പന. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, വിപണന പ്രവർത്തനങ്ങൾ, വിവിധ ദേശീയ ടീമുകൾക്കുള്ള ഏകീകൃത ദൃശ്യപരിചയം എന്നിവ മുൻനിർത്തിയാണ് മാറ്റങ്ങൾ. പുതിയ ക്രെസ്റ്റിൽ റൂസ്റ്ററിന്റെ ശരീരത്തിൽ നീല നിറത്തിന്റെ സാന്നിധ്യം വർധിപ്പിച്ചിട്ടുണ്ട്. പഴയ ലോഗോയിലുണ്ടായിരുന്ന നിലം പൂർണമായും ഒഴിവാക്കിയെങ്കിലും തലയിലെ ചുവന്ന കോമ്പും വാട്ടിലും പഴയതുപോലെ നിലനിർത്തിയിട്ടുണ്ട്.
റൂസ്റ്ററിന് താഴെ സ്വർണനിറത്തിൽ ‘എഫ്.എഫ്.എഫ്’ എന്നതിനൊപ്പം ‘ഫ്രാൻസ്’ എന്ന് അർധവൃത്താകൃതിയിൽ ചേർത്തിട്ടുണ്ട്. 1998-ലും 2018-ലും ഫ്രാൻസ് നേടിയ ലോകകപ്പ് വിജയങ്ങളുടെ ഓർമ്മപ്പെടുത്തലായി റൂസ്റ്ററിന് മുകളിൽ രണ്ട് സ്വർണ നക്ഷത്രങ്ങളും തുടരുന്നു. 1920-കളിൽ ദേശീയ ടീം ഔദ്യോഗിക ചിഹ്നമായി സ്വീകരിച്ച റൂസ്റ്റർ, 1789-ലെ ഫ്രഞ്ച് വിപ്ലവത്തിന് ശേഷമാണ് ദേശീയ പ്രതീകമെന്ന നിലയിൽ കൂടുതൽ ജനപ്രിയമായത്. പുതിയ ക്രെസ്റ്റിനൊപ്പം പുതിയ കളർ പാലറ്റും പ്രത്യേക ടൈപ്പ്ഫേസുകളും ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഫെഡറേഷന്റെ സ്ഥാപന ലോഗോയിൽ മാറ്റങ്ങളുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.